
സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞ് ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്റ്റാറൻറുകളും കടകളും സ്കൂളുകളും അടച്ചിട്ടിരിക്കയാണ്. വടക്കൻ അയർലൻഡ്, സ്കോട്ലൻറ്, വെയിൽസ് എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്. വളർച്ചനിരക്ക് 9.9 ശതമാനമായി കുറഞ്ഞതായും കണക്കുകൾ കാണിക്കുന്നു.
അതിനിടെ ലോക്ഡൗണിലൂടെയും വാക്സീനിലൂടെയും കോവിഡിനെ വരുതിയിലാക്കി ബ്രിട്ടൻ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ. നാലാഴ്ചയ്ക്കുള്ളിൽ ആദ്യമായി പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയായി. വാരാന്ത്യങ്ങളിലെ കണക്കുകൾ പൂർണമായും ലഭ്യമല്ലാതിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ആയിരത്തിനു മുകളിലും ഒരുവേള രണ്ടായിരത്തിന് അടുത്തും വരെയെത്തിയ മരണനിരക്കാണ് വെള്ളിയാഴ്ച 758 ആയി കുറഞ്ഞത്
രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ആർ റേറ്റ് ജൂലൈ മാസത്തിനു ശേഷം ആദ്യമായി ഒന്നിൽ താഴെയെത്തിയതും ആശ്വാസം നൽകുന്ന വാർത്തയായി. 0.7നും 0.9നും മധ്യേയാണ് ഇപ്പോൾ ബ്രിട്ടനിലെ ആർ റേറ്റ്. രോഗികളാകുന്ന ഓരോ പത്തുപേരിൽ നിന്നു രോഗം പടരുന്നത് പരമാവധി എഴുമുതൽ ഒമ്പതു പേർക്കുവരെയാണെന്ന് ചുരുക്കം. ഈ സ്ഥിതി നിലനിർത്താനായാൽ ക്രമേണ രോഗവ്യാപനം കുറഞ്ഞ് പൂർണമായും ഇല്ലാതാകും. 15,144 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം ബ്രിട്ടനിലെ നാല് ഫെഡറൽ സ്റ്റേറ്റുകളിലും രോഗവ്യാപന നിരക്ക് കുറഞ്ഞു ഇംഗ്ലണ്ടിൽ ഇപ്പോൾ എൺപതു പേരിൽ ഒരാൾക്കു മാത്രമാണ് രോഗമുള്ളത്. ഒരുഘട്ടത്തിൽ ഇത് മുപ്പതിൽ ഒരാൾക്ക് എന്ന സ്ഥിതിതിയിലേക്ക് താഴ്ന്നിരുന്നു.
സ്കോട്ട്ലൻഡിൽ 150ൽ ഒരാൾക്കും വെയിൽസിൽ 85ൽ ഒരാൾക്കും നോർത്തേൺ അയർലൻഡിൽ 75ൽ ഒരാൾക്കും എന്ന നിരക്കിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ആളുകൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിച്ചതും വിദേശ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതും സ്കൂളുകൾ അടച്ചതും വാക്സീനേഷൻ ഊർജിതമാക്കിയതുമാണ് കോവിഡിനെ വരുതിയിലാക്കാൻ സഹായിച്ചത്.
രാജ്യത്തെ 70 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗങ്ങൾ അലട്ടുന്നവരുമായ ഒന്നരക്കോടിയോളം ആളുകൾക്ക് ഇതിനോടകം കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച ഇവരെല്ലാം ഒരുവേള രോഗബാധിതരായാലും അപകടത്തിലാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സർക്കാർ.
നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് ഫെബ്രുവരി 22 നാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുന്നത്. സ്ഥിതിഗതികൾ നിലവിലെ രീതിയിൽ പുരോഗമിച്ചാൽ മാർച്ച് ആദ്യവാരത്തോടെ സ്കൂളുകൾ തുറക്കുന്നതും മറ്റും സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന.
ബ്രിട്ടനിൽ ഒരു മലയാളികൂടി കൊവിഡ് ബാധിച്ച് മരിച്ചു. ലിവർപൂളിലെ വീഗനിൽ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ് മരിച്ചത് 57 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാഗമാണ് മോളി. മെർലിൻ, മെർവിൻ എന്നിവർ മക്കളാണ്.
നഴ്സായ മോളി കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിൽസയിലായിരുന്നു. മോളിയുടെ ഭർതൃസഹോദരനും കുടുംബവും ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളും ബന്ധുക്കളും ബ്രിട്ടനിലുണ്ട്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല