1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായി 7,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 7018 പേർക്കാണ് ഇന്ന് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മൂലം തുടർച്ചയായ രണ്ടാംദിവസവും മരിച്ചവർ എഴുപത്തൊന്നു പേരാണ്. രണ്ടാം രോഗവ്യാപനത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ഊർജിത ശ്രമത്തിലാണ് സർക്കാർ.

ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കൊവിഡ് പ്രതിരോധ നടപടികളും മുന്നൊരുക്കങ്ങളും വിശദീകരിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ നേരിട്ട് രംഗത്തിറങ്ങി. സാമൂഹിക സംയമനവും ത്യാഗമനോഭാവവും പുലർത്തിയാലെ രോഗവ്യാപനം തടയാനാകൂ എന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ആവശ്യമെങ്കിൽ കുടുതൽ ശക്തമായ നടപടികൾ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

കൂടുതൽ പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയും രോഗവ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് ബ്രിട്ടൻ. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഒക്ടോബർ അവസാനത്തോടെ പ്രതിദിനം അഞ്ചുലക്ഷം ടെസ്റ്റുകൾ നടത്തുന്ന സ്ഥിതിയുണ്ടാകും. ഏഴ് താൽകാലിക ആശുപത്രികളിലായി 2000 കിടക്കകൾ സജ്ജമാക്കും. നാലുമാസത്തേക്കുള്ള മാസ്കും മറ്റ് പ്രോട്ടക്ടീവ് എക്യുപ്മെന്റുകളും സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇനി മുതൽ രാജ്യത്ത് പുതുതയി ഏർപ്പെടുത്തുന്ന കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണായും പാർലമെന്റിന്റെ അനുമതി തേടിക്കൊണ്ടാകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹോനോക്കും അറിയിച്ചു.

ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ജർമനി, റൊമേനിയ, സ്ലോവാക്യ, നെതർലൻഡ്സ്, ബൽജിയം എന്നിവിടങ്ങളിലെല്ലാം ദിവസേന രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്ന സ്ഥിതിയാണ്. ബൽജിയത്തിൽ കൊവിഡ് മരണങ്ങൾ ഇന്നലെ പതിനായിരം പിന്നിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.