1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2021

സ്വന്തം ലേഖകൻ: ബ്രസീലിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ എത്തിയതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും മൂന്ന് കേസുകൾ വീതമാണ് ബ്രസീലിയൻ വകഭേദം മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ടിൽ, പുതിയ വകഭേദം ആദ്യമായി ബാധിച്ചതെന്ന് കരുതുന്ന വ്യക്തിയെ ഇനിയും കണ്ടെത്താനാകാത്തത് ആശങ്ക കൂട്ടിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുള്ള ഉറവിടമറിയാത്ത കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.

ബ്രസീലിൽ നിന്ന് പാരീസ്, ലണ്ടൻ വഴി വടക്കു കിഴക്കൻ സ്കോട്ട്ലൻഡിലെത്തിയ മൂന്ന് സ്കോട്ടിഷ് നിവാസികളാണ് സ്കോട്ട്ലൻഡിലെ കേസുകളുടെ ഉറവിടമെന്ന് സ്കോട്ടിഷ് സർക്കാർ അറിയിച്ചു. ജനുവരിയിൽ വടക്കൻ ബ്രസീലിലെ മനാസിൽ നിന്ന് ജപ്പാനിലേക്ക് പോയ യാത്രക്കാരിൽ ആദ്യമായി കണ്ടെത്തിയ പി വൺ എന്നറിയപ്പെടുന്ന ഈ വേരിയന്റ് കൂടുതൽ അപകടകാരിയാകുമെന്ന് വിദഗ്ദ്ധർ കരുതുന്നു.

പുതിയ വേരിയന്റിനെ നേരിടാൻ പ്രതിരോധ കുത്തിവയ്പ്പുകൾ ഫലപ്രദമാകില്ലെന്ന ആശങ്കയും വ്യാപകമാണ്. അതേസമയം വാക്സിനുകൾ ഈ വകഭേദത്തെ നേരിടാൻ പാകത്തിൽ അതിവേഗം മാറ്റം വരുത്താമെന്ന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിലെ പ്രൊഫ. സ്റ്റീഫൻ പോവിസ് പറഞ്ഞു. വേരിയന്റുകളും മ്യൂട്ടേഷനുകളും തിരിച്ചറിയുന്നതിൽ യുകെ മറ്റ് പല രാജ്യങ്ങളെക്കാളും മുന്നിലാണ്. അതിനാൽ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ (പിഎച്ച്ഇ) ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു,

ഇംഗ്ലണ്ടിൽ, ആദ്യത്തെ രണ്ട് പി വൺ കൊവിഡ് കേസുകൾ സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഒരേ വീട്ടിൽ നിന്നുള്ളവരിലാണ് കണ്ടെത്തിയത്. സർക്കാരിന്റെ ഹോട്ടൽ ക്വാറന്റൈൻ നിയമം പ്രാബല്യത്തിൽ വരുന്നതിന് അഞ്ചു ദിവസം മുൻപ്, ഫെബ്രുവരി 10 ന് ബ്രസീലിൽ നിന്ന് മടങ്ങിയെത്തിയ രണ്ടു പേർക്കാണ് പുതിയ വേരിയന്റ് സ്ഥിരീകരിച്ചത്.

അതേസമയം ഇതേ വീട്ടിലെ മറ്റ് രണ്ട് ആളുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ ഇത് ബ്രസീലിയൻ വകഭേദം തന്നെയാണോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഇപ്പോഴും നടക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ മൊത്തം പി വൺ കേസുകളിൽ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല.

സാവോ പോളോയിൽ നിന്ന് സൂറിച്ച് വഴി ഹീത്രോയിലേക്കുള്ള വിമാനത്തിൽ ഇവരോടൊപ്പം യാത്ര ചെയ്ത യാത്രക്കാരെ ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്ന് പിഎച്ച്ഇ പറഞ്ഞു. ഇംഗ്ലണ്ടിൽ തിരിച്ചറിഞ്ഞ മൂന്നാമത്തെ കേസ് മറ്റ് രണ്ട് കേസുകളുമായി ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല, ഈ വ്യക്തി സ്വന്തം ടെസ്റ്റ് രജിസ്ട്രേഷൻ കാർഡ് പൂരിപ്പിക്കാത്തതിനാൽ എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഫെബ്രുവരി 12, 13 തിയ്യതികളിൽ കൊവിഡ് പരിശോധന നടത്തിയവരോ അപൂർണ്ണമായ ടെസ്റ്റ് രജിസ്ട്രേഷൻ കാർഡുള്ളവരോ 119 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബ്രിസ്റ്റോളിന്റെ പ്രാന്തപ്രദേശത്തുള്ള സൗത്ത് ഗ്ലോസ്റ്റർഷയറിൽ അഞ്ച് പോസ്റ്റ് കോഡ് പ്രദേശങ്ങളിൽ താമസിക്കുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഈ പോസ്റ്റ്‌കോഡുകളിൽ ബ്രാഡ്‌ലി സ്റ്റോക്ക്, പാച്ച്‌വേ, ലിറ്റിൽ സ്റ്റോക്ക് എന്നിവയും ഉൾപ്പെടുന്നു.

സ്‌കോട്ട്‌ലൻഡിൽ ബ്രസീലിയൻ വകഭേദം സ്ഥിരീകരിച്ച മൂന്ന് പേർ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ലണ്ടനിൽ നിന്ന് ആബർ‌ഡീനിലേക്കുള്ള വിമാനത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ അധികൃതർ ബന്ധപ്പെടുന്നുണ്ട്. നിലവിൽ 20 ദശലക്ഷം ആളുകൾ രാജ്യത്ത് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും സ്വീകരിച്ചതായാണ് കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.