
സ്വന്തം ലേഖകൻ: കൊവിഡിൻ്റെ പിടിയിലായ ബ്രിട്ടനെ മഞ്ഞു പുതപ്പിച്ച് ഡാർസി കൊടുങ്കാറ്റ്. റോഡ്, റെയിൽ ഗതാഗതത്തെയാണ് മഞ്ഞുവീഴ്ച ഏറ്റവും പ്രതികൂലമായി ബാധിച്ചത്. സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും രണ്ടുദിവസം മുമ്പ് ആരംഭിച്ച മഞ്ഞുവീഴ്ച ഞായറാഴ്ച വൈകുന്നേരത്തെയാണ് ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചത്.
ലണ്ടൻ നഗരം ഉൾപ്പെടുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും തെക്കൻ ഇംഗ്ലണ്ടിലുമാണ് ഇന്നലെ രാത്രി മഞ്ഞുവീഴ്ച അതി ശക്തമായത്. പലയിടത്തും താപനില മൈനസ് പത്തു ഡിഗ്രിവരെ താഴ്ന്നു. ഇന്നും നാളെയും തുടരുമെന്ന് കരുതുന്ന ഹിമപാതം പലയിടത്തും ഒരടിയിലേറെ കനത്തിൽ മഞ്ഞുപാളികൾ സൃഷ്ടിക്കുമെന്നാണ് പ്രവചനം.
മഞ്ഞിനൊപ്പം രൂപംകൊണ്ട ശക്തമായ കാറ്റ് കൊടും തണുപ്പിന്റെ രൂക്ഷത വർധിപ്പിക്കുന്നു. വടക്കൻ അയർലൻഡിലും സ്കോട്ട്ലൻഡിലും പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. ഇതോടെ നിരവധി പ്രദേശങ്ങൾ ആംബർ വാണിങ്ങിലാണ്.
സ്കാൻഡിനേവിയയിൽനിന്നും റഷ്യയിൽനിന്നുമുള്ള ശീതക്കാറ്റിനൊപ്പം ഡാർസി കൊടുങ്കാറ്റും ചേർന്നാണ് ബ്രിട്ടനിൽ മഞ്ഞുവീഴ്ചയും അതിശൈത്യവും സൃഷ്ടിക്കുുന്നത്. സ്കോട്ട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 55 മൈൽ വേഗതയിലാണ് ഡാർസി കൊടുങ്കാറ്റ് വീശുന്നത്.
കെന്റ്, ഈസ്റ്റ് മിഡ്‌ലാൻസ്, യോർക്ക്ഷെയർ, ലിങ്കൻഷെയർ എന്നിവിടങ്ങളിലാണ് ഇന്ന് 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച താൽകാലിക വാക്സീനേഷൻ സെന്ററുകളുടെ പ്രവർത്തനം തടസപ്പെടുത്തി.
ഫെബ്രുവരി 15 മുതൽ യുകെയിൽ എത്തുന്ന എല്ലാ യാത്രക്കാരും കൊവിഡ് ടെസ്റ്റ് എടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. തിങ്കളാഴ്ച മുതൽ എല്ലാ ഇൻബൗണ്ട് യാത്രക്കാരും രണ്ടാത്തെയും, എട്ടാമത്തെയും ദിവസങ്ങളിൽ പരിശോധന നടത്തണം. അന്താരാഷ്ട്ര യാത്രക്കാർ യുകെയിലെത്തുബോൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റിവ് ടെസ്റ്റ് ഫലം ഹാജരാക്കണമെന്ന നിർദ്ദേശത്തിന് പുറമെയാണ് പുതിയ നിബന്ധന.
അതേസമയം റെഡ് സോൺ രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന 33 രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ പത്ത് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈൻ സർക്കാർ നേരത്തെ തന്നെ നിര്ബന്ധമാക്കിയിരുന്നു. നിലവിൻ യാത്രക്കാർ അവരുടെ കൊവിഡ് പരിശോധനകൾക്ക് പണം നൽകേണ്ടി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല