
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും കൊവിഡ് മരണം ആയിരം കടന്നു. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം എൺപതിനായിരം കവിഞ്ഞു. 59,937 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ തന്നെ ഏറ്റവും അധികം ആളുകൾ രോഗികളാകുന്നതും കൂടുതൽ പേർ മരിക്കുന്നതും ഇപ്പോൾ ലണ്ടൻ നഗരത്തിലാണ്. ലണ്ടൻ നഗരത്തിൽ 30ൽ ഒരാൾ വീതം കൊവിഡ് രോഗികളാണെന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുപ്രകാരം ലണ്ടനിൽ ഒരുലക്ഷം പേരിൽ ആയിരം പേർ കോവിഡിന്റെ പിടിയിലായിക്കഴിഞ്ഞു.
കൊറോണ വൈറസ് ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് പതിവായി ദ്രുത പരിശോധന ഈ ആഴ്ച ഇംഗ്ലണ്ടിലുടനീളം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.കമ്മ്യൂണിറ്റി ടെസ്റ്റിംഗ്‌നായി എല്ലാ 317 പ്രാദേശിക അധികാരികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സംവിധാനങ്ങൾ വിപുലീകരിച്ചു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് നടത്തുന്നത്, ഇത് 30 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകും.
ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്തവർക്കായി ടെസ്റ്റുകൾക്ക് മുൻഗണന നൽകാൻ പ്രാദേശിക കൗൺസിലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, 80 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പുതിയ ഏഴ് പ്രാദേശിക കേന്ദ്രങ്ങളിലൊന്നിൽ നിന്ന് 130,000 കത്തുകൾ അയച്ചിട്ടുണ്ടെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ട് അറിയിച്ചു.
46,000 ത്തിലധികം ആശുപത്രി ജീവനക്കാർ കൊവിഡ് -19 രോഗബാധിതരാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ചന്ദ് നാഗ്പോൾ വെളിപ്പെടുത്തി. ഇത് എൻഎച്ച്‌എസിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും കൊവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ബ്രിട്ടനില്‍ ശനിയാഴ്ച ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ച 1.5 ദശലക്ഷം പേര്‍ക്കൊപ്പം ഇരുവരും പങ്കാളികളായതായി ബക്കിങ്ഹാം കൊട്ടാര പ്രതിനിധികള്‍ അറിയിച്ചു.
കൊവിഡ് വ്യാപനനിയന്ത്രണത്തിനായി ഇംഗ്ലണ്ടില്‍ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിന്‍ഡ്‌സര്‍ കൊട്ടാരത്തിലാണ് നിലവില്‍ വസിക്കുന്നത്. രാജ്ഞിയ്ക്ക് 94 ഉം ഫിലിപ്പ് രാജകുമാരന് 99 മാണ് പ്രായം.
രാജ്ഞിയുടെ ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനും വാക്‌സിന്‍ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുള്ള രാജ്ഞിയുടെ നിര്‍ദേശപ്രകാരവുമാണ് വാര്‍ത്ത പുറത്ത് വിട്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല