1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വീടുകളിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ സാമൂഹികവത്കരണത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.

രണ്ടു തവണ ലോക്ക്ഡൗൺ ആനുകൂല്യങ്ങൾ നൽകിയെങ്കിലും നടപടികൾ ഫലപ്രദമാകാത്തത് കൊണ്ട് നിലവിൽ നിയന്ത്രണങ്ങളിലാണ്. യുകെയുടെ ഔദ്യോഗിക മരണസംഖ്യ 364 ൽ നിന്ന് 126,172 ആയി ഉയർന്നു. സാമൂഹ്യവൽക്കരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പബ്ബുകൾ, ഷോപ്പുകൾ എന്നിവക്ക് അടച്ചുപൂട്ടൽ നിലവിലുണ്ട്. എന്നാൽ സ്‌കൂളുകൾ വീണ്ടും തുറന്നിരുന്നു.

ഓർമ്മ ദിനത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് ഒരു മിനിറ്റ് രാജ്യത്തെങ്ങും നിശബ്ദത പാലിക്കും. ഒരു വർഷം ജനങ്ങൾ, കാണിച്ച പ്രതിബദ്ധതയും ഉയർന്ന മൂല്യങ്ങളും പ്രധാനമന്ത്രി പ്രശംസിച്ചു, ജനങ്ങളുടെ പൂർണ്ണ സഹകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം പകർച്ചവ്യാധി സമയത്ത് ദുഖിതരായവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഇന്ന് രാത്രി 20:00 ന് ഫോണുകൾ, മെഴുകുതിരികൾ, ടോർച്ചുകൾ എന്നിവ ഉപയോഗിച്ച് ജനങ്ങൾ വീട്ടു പടിക്കൽ പ്രകാശം പരത്തും. എൻഡ്-ഓഫ്-ലൈഫ് ചാരിറ്റി മാരി ക്യൂറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദിവസേന രണ്ടായിരം പേർ മരിക്കുന്ന സ്ഥിതിയിൽനിന്നും 17 പേർ മരിക്കുന്ന സ്ഥിതിയിലേക്ക് കോവിഡിനെ നിയന്ത്രിക്കാനായതാണ് ബ്രിട്ടൻ്റെ പ്രധാന നേട്ടം. ജനുവരി ആദ്യവാരം ദിവസേന അറുപതിനായിരത്തോളം പേർ രോഗികളായിരുന്ന ബ്രിട്ടനിൽ ഇപ്പോൾ ദിവസേന രോഗികളാകുന്നത് അയ്യായിരത്തോളം പേർ മാത്രമാണ്. യൂറോപ്പിലെ ഇരുപതിലേറെ രാജ്യങ്ങളിലും അനുദിനം കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴാണ് ബ്രിട്ടനിൽ പുതിയ കേസുകളും മരണനിരക്കും കുറയുന്നത്.

ജനസംഖ്യയുടെ പകുതിയോളം പേർക്ക് കോവിഡ് വാക്സീന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞ ബ്രിട്ടൻ ഏപ്രിൽ പകുതിയോടെ അമ്പതു കഴിഞ്ഞ എല്ലാവരിലും വാക്സിനേഷൻ പൂർത്തിയാക്കും. പ്രതിദിനം എട്ടുലക്ഷത്തോളം പേർക്കാണ് ബ്രിട്ടനിൽ ഇപ്പോൾ വാക്സീൻ നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ മൂന്നാം വേവ് ബ്രിട്ടീഷ് തീരങ്ങളിലും എത്താനുള്ള സാധ്യത ഏറെയാണെങ്കിലും അതിനെ ഫലപ്രദമായി നേരിടാനാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രകടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.