1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ വിവിധ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. രേഖകൾ പ്രകാരം സർക്കാർ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണുകൾക്ക് ഒരുങ്ങുന്നതായാണ് സൂചന.

നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ ഒന്നിൽ ബാറുകളും പബ്ബുകളും അടച്ചിടേണ്ടി വരും. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിലെ ആമ്പർ എന്ന വിശേഷിപ്പിക്കപ്പെടുന്ന അലേർട്ട് ലെവൽ രണ്ടിൽ ജനസമ്പർക്കം വീടുകളിലേക്കോ സപ്പോർട്ട് ബബ്ലിലേക്കോ മാത്രമായി പരിമിതപ്പെടുത്തും.

അലേർട്ട് ലെവൽ മൂന്നിൽ വീടുകൾക്ക് പുറത്തുള്ള എല്ലാ സമ്പർക്കങ്ങളും വിലക്കാനാണ് സാധ്യത. ഇത് മാർച്ചിൽ യുകെയിലുടനീളം ചുമത്തിയ ലോക്ക്ഡൗൺ നടപടികൾക്ക് സമാന്തരമാണ്. മുഴുവൻ ഹോസ്പിറ്റാലിറ്റി ലെഷർ ബിസിനസുകളും താത്കാലികമായി അടയ്ക്കുക, വീടുകൾക്ക് പുറത്തുള്ള മുഴുവൻ സമ്പർക്കങ്ങളും നിരോധിക്കുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

പ്രൊഫഷണൽ ഇതര കായിക ഇനങ്ങൾക്ക് പൂട്ട് വീഴും. ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുമെങ്കിലും റെഡ് ലെവലിലേക്ക് പോകുമ്പോൾ അടയ്ക്കേണ്ടി വരും. അലേർട്ട് ലെവൽ രണ്ടിലെ നടപടികളിലൂടെ വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിലോ ഒരു പ്രദേശത്തെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് കാണുന്നുണ്ടെങ്കിലോ മാത്രമാണ് അലേർട്ട് ലെവൽ മൂന്നിലേക്ക് കടക്കുകയുള്ളൂ.

സാങ്കേതിക തകരാറിനെത്തുടർന്ന് ഞായറാഴ്ച യുകെയിൽ 23,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.