1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന അൺലോക്ക് ആദ്യ ഘട്ടം നാളെ മുതൽ ആരംഭിക്കും. ഇംഗ്ലണ്ടിലെ മുഴുവൻ വിദ്യാർത്ഥികളും തിങ്കളാഴ്ച സ്കൂളുകളിൽ എത്തിച്ചേരും. കൂടാതെ കെയർ ഹോമുകളിലെ ഇൻഡോർ സന്ദർശനങ്ങളും നിയന്ത്രണങ്ങൾ എടുത്തു കളയുന്നതിന്റെ ഭാഗമായി സന്ദർശകരെ അനുവദിക്കും.

സ്കൂളുകൾ വീണ്ടും തുറക്കുന്നത് കൊവിഡ് വ്യാപനത്തെ തോൽപ്പിക്കാനുള്ള ദേശീയ ശ്രമത്തെ അടയാളപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ദൃഢ നിശ്ചയം മൂലമാണ് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്നതെന്നും, വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരുന്നത് അതിൻ്റെ ആദ്യ പടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിൽ ഉടനീളമുള്ള സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു തവണ വീട്ടിൽ ടെസ്റ്റുകൾ നടത്തുന്നതിന് കോവിഡ്-19 ലാറ്ററൽ-ഫ്ലോ ടെസ്റ്റുകൾ സർക്കാർ ലഭ്യമാക്കും. ഏകദേശം 57 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ സ്കൂളുകളിലേക്കും കോളേജുകളിലേക്കും എത്തിച്ചിട്ടുണ്ടെന്നും ചിലത് ഇതിനകം തന്നെ വിദ്യാർത്ഥികൾ പരീക്ഷിച്ചു തുടങ്ങിയതായും ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ അ റിയിച്ചു.

അതിനിടെ സ്കൂൾ ദിവസങ്ങളുടെ നീളം കൂട്ടിയും വേനലവധി വെട്ടിക്കുറച്ചും “ഫൈവ് ടേം“ വർഷങ്ങളും അവതരിപ്പിച്ച് കൊവിഡ് വിടവ് നികത്താൻ സർക്കാർ ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. അധ്യാപകർക്ക് നൽകുന്ന പിന്തുണ വർദ്ധിപ്പിക്കുക, അവരെ പ്രൊഫഷണൽ വികാസത്തിന് സഹായിക്കുക, ഏറ്റവും മികച്ചവരാകാൻ കഴിയുമെന്ന് ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളും മുന്നിൽക്കണ്ടാണ് വരാനിരിക്കുന്ന മാറ്റങ്ങൾക്ക് രൂപം നൽകുകയെന്നും വില്യംസൺ കൂട്ടിച്ചേർത്തു.

വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യാച്ച്-അപ്പ് പ്രോഗ്രാമിന് രൂപം നൽകാൻ വിദ്യാഭ്യാസ റിക്കവറി കമ്മീഷണറായ സർ കെവാൻ കോളിൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒഫ്സ്റ്റെഡ് ചീഫ് ഇൻസ്പെക്ടർ അമണ്ട സ്പിൽമാൻ വിദ്യാർഥികൾ വേനലവധിയ്ക്ക് ക്ലാസുകളിൽ എത്തിയില്ലെങ്കിൽ ഇത്തരം ക്യാച്ച്-അപ്പ് പദ്ധതി തിരിച്ചടിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.