1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മാർച്ച് എട്ടുമുതൽ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് വരുത്തുകയെന്ന് വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചു.

മാർച്ച് എട്ടിന് ഒന്നാം ഘട്ടത്തിൽ സ്കൂളുകൾ തുറക്കും. അന്നു മുതൽ രണ്ടു പേർക്ക് വീടിനു പുറത്ത് ഒത്തു കൂടാനും അനുമതി നൽകി. മാർച്ച് 29 മുതൽ രണ്ടു വീടുകളിൽ നിന്നുള്ള ആറു പേർക്കുവരെ വീടിനു പുറത്ത് ഒത്തുകൂടാൻ സാധിക്കും.

ഏപ്രിൽ 12ന് രണ്ടാം ഘട്ടം തുടങ്ങുന്നതോടെ കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറക്കും. ഇതോടൊപ്പം ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി സർവീസുകൾ, മൃഗശാലകൾ, തീം പാർക്കുകൾ എന്നിവയും പ്രവർത്തനം ആരഭിക്കും.

മേയ് 17ന് മൂന്നാം ഘട്ടത്തിൽ സോഷ്യൽ കോൺടാക്ട് നിയമങ്ങളിൽ ഇളവ് അനുവദിക്കും. ഇതോടെ ആളുകൾക്ക് വീടുകളിൽ പരസ്പരം ഒത്തുകൂടാം. പരിമിതമായി കാണികളെ അനുവദിച്ചുള്ള കായിക മൽസരങ്ങളും നടത്താം. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഗാലറിയിലെ കസേരകളുടെ എണ്ണത്തിൻ്റെ നാലിനൊന്ന് ആളുകളെ വരെ അനുവദിക്കാം.

സിനിമാശാലകൾ. സോഫ്റ്റ് പ്ലേ സെന്ററുകൾ, ഹോട്ടലുകൾ, ഇൻഡോർ എക്സർസൈസ് കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം മെയ് 17ന് ശേഷം പ്രവർത്തനാനുമതി ലഭിക്കും. വീടിന് പുറത്തുള്ള ഒത്തുകൂടലുകളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 30 വരെയാകാം.

ജൂൺ 21ന് ആരംഭിക്കുന്ന നാലാം ഘട്ടത്തിൽ ജനജീവിതം സാധാരണ നിലയിലാകും. സോഷ്യൽ ഡിസ്റ്റൻസിംങ് നിബന്ധനകൾ പൂർണമായും പിൻവലിക്കുന്നതോടൊപ്പം നൈറ്റ് ക്ലബുകളും പബുകളും ലൈവ് ഇവൻൻ്റുകളും ആരംഭിക്കും. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും മൃതസംസ്കാരവുമെല്ലാം പതിവു പോലെ നടത്താം.

നാലാം ഘട്ടത്തിൽ ആഭ്യന്തര- വിദേശ വിമാന യാത്രകളെല്ലാം പുനരാരംഭിക്കുമെങ്കിലും മറ്റ് രാജ്യങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താകും വിദേശ വിമാന സർവീസുകൾക്കുള്ള അനുമതി. കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ച വിനോദസഞ്ചാര മേഖലയെ നാലാം ഘട്ടത്തിലെ ഇളവുകൾ വീണ്ടും സജീവമാക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ ഈ ഇളവുകൾ ഒന്നും ഉറപ്പു നൽകാനാവില്ലെന്നും റോഡ് മാപ്പിൻ്റെ പുരോഗതി ഓരോ ഘട്ടത്തിലുമുള്ള കൊവിഡ് കണക്കുകളേയും ജനങ്ങളുടെ സഹകരണത്തേയും ആശ്രയിച്ചിരിക്കുന്നതായും ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. കൊവിഡ് വാക്സിനേഷൻ ബ്രിട്ടീഷ് ജനതയ്ക്ക് നൽകിയ രക്ഷാ കവചമാണ് റോഡ് മാപ്പിന് ആത്മവിശ്വാസം പകരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ജോൺസൻ്റെ റോഡ് മാപ്പ് കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ചില കൺസർവേറ്റീവ് എംപിമാർ ആരോപിച്ചു. കൂടാതെ ജൂൺ 21 ന് ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്ന കാര്യത്തിൽ ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന റോഡ് മാപ്പിൻ്റെ വേഗം ഒരു കാരണവശാലും കൂട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രതികരിച്ചു. മാത്രമല്ല കൊവിഡ് വ്യാപന നിരക്കിൻ്റെ കണക്കുകൾ അനുസരിച്ച് റോഡ് മാപ്പിലെ തിയ്യതികൾ നീട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ അൺലോക്ക് റോഡ് മാപ്പുകൾ അതാത് പ്രാദേശിക ഭരണകൂടങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല