
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പിനായി മുറവിളി. സേജ് വിദഗ്ദരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിനുള്ള റോഡ്മാപ്പ് പ്രഖ്യാപിക്കാൻ ടോറികളിൽ നിന്നാണ് കൂടുതൽ സമ്മർദ്ദം. വാക്സിൻ റോൾ ഔട്ടിന്റെ വേഗതയും വിജയവും പരിഗണിച്ച് സ്കൂളുകൾ മാർച്ച് 8 ന് തുറക്കാമെന്ന എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് പാർട്ടിയിലെ വിമത എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു.
എന്നാൽ ഗവൺമെന്റിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) ശാസ്ത്രജ്ഞർ ഇതിനെതിരായി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇപ്പോൾ ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നത് വിവേകശൂന്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ലോക്ക്ഡൗൺ നടപടികളെക്കുറിച്ച് ഫെബ്രുവരി 22 ന് നടക്കുന്ന അവലോകനത്തിൽ നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് ഒരു റോഡ് മാപ്പ് തയ്യാറാക്കുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സ്കൂളുകൾ വീണ്ടും തുറക്കുന്നത് കൊവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമാകുമെന്ന അഭിപ്രായക്കാരാണ് സേജ് വിദഗ്ദർ. വൈറസിനെ രാജ്യമെമ്പാടും വ്യാപിക്കാൻ അനുവദിച്ചാൽ വാക്സിൻ ഡ്രൈവിൻ്റെ നേട്ടം അത് ഇല്ലാതാക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ എല്ലാ മുതിർന്ന ആളുകൾക്കും വാക്സിൻ ലഭിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് വിവിധ ആരോഗ്യ പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. എന്നാൽ സാമ്പത്തിക നില കൂടി പരിഗണിക്കുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് നിർണായകമാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് ബുധനാഴ്ച വ്യക്തമാക്കി.
അതിനിടെ കെന്റിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വാക്സിന് നല്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും മുന്നറിയിപ്പ്. ബ്രിട്ടണില്‍ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടര്‍ന്നു പിടിച്ചേക്കാമെന്നും യു.കെ ജനിറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് മുന്നറിയിപ്പ് നല്കി.
കൊവിഡ് വാക്സിന് ബ്രിട്ടണില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍ വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവെപ്പിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പീകോക്ക് വ്യക്തമാക്കി.
വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്സിനേഷനും ഭീഷണിയാണ്. ബ്രിട്ടണ് വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക , ബ്രസീലിയന്‍ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു.
കൊവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കൊവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാല്‍ ഇതിനായി പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും ഷാരോണ്‍ പീകോക്ക് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല