1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2021

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അൺലോക്ക് റോഡ് മാപ്പ് കണക്കുകൾ പരിശോധിച്ചു മാത്രമെന്ന് ബോറിസ് ജോൺസൺ. “ഡാറ്റ, നോ ഡേറ്റ്സ്,“ എന്നായിരുന്നു അൺലോക്ക് റോഡ് മാപ്പ് തയ്യാറാക്കുന്നതിൻ്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന റോഡ് മാപ്പ് “ജാഗ്രതയോടെയും വിവേകപൂർണ്ണവുമായ സമീപനത്തെ” അടിസ്ഥാനമാക്കിയുള്ളതും വീണ്ടും ലോക്ക്ഡൗണിലേക്ക് തിരിച്ചു പോകാത്ത രീതിയിലുള്ളതും ആയിരിക്കുമെന്നും ജോൺസൺ പറഞ്ഞു.

സൗത്ത് വെയിൽസിലെ ക്വാംബ്രാൻ സ്റ്റേഡിയത്തിൽ ഒരു കൊവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു ജോൺസൺ. നിലവിലെ സാഹചര്യങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത് അതീവ ജാഗ്രതയോടെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോട്ടൽ, വിനോദ സഞ്ചാര മേഖല വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് വ്യാപന സാധ്യത കൂടുതൽ ആയതിനാൽ ഏറ്റവും അവസാനം മാത്രമേ ഇവ പൂർണമായും തുറക്കാൻ കഴിയൂ എന്നാണ്. കൊവിഡ് ആഘാതത്തിൽ നടുവൊടിഞ്ഞ് കിടക്കുന്ന ഈ മേഖലകളുടെ തിരിച്ചുവരവ് ഇനിയും വൈകുമെന്ന് ചുരുക്കം.

ബ്രിട്ടനിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് പതിനായിരം പൗണ്ടുവരെ പിഴയും പത്തു വർഷം വരെ ജയിൽ ശിക്ഷയുമെന്ന നിയമം അധികൃതർ കർശനമായി നടപ്പാക്കിത്തുടങ്ങി. റെഡ് ലിസ്റ്റിലുള്ള രാജ്യത്തുനിന്നും തിങ്കളാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറങ്ങുകയും ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്ത നാലു പേർക്കാണ് 10,000 പൗണ്ടുവീതം വെസ്റ്റ് മിഡ് ലാൻസ് പൊലീസ് പിഴയിട്ടത്. അറസ്റ്റിലായ ഇവർ പിഴയടക്കുന്നതുവരെ പൊലീസ് കസ്റ്റഡിയിൽ കഴിയണം.

റെഡ് ലിസ്റ്റിലുള്ള 33 രാജ്യങ്ങളിൽനിന്നും എത്തുന്നവർ നിർബന്ധമായും 1750 പൗണ്ട് അടച്ച് പത്തു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണമെന്നാണ് പുതിയ നിബന്ധന. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ പത്തുദിവസത്തെ ഹോം ക്വാറന്റീന് വിധേയരാകുകയും ഇതിനുള്ളിൽ സ്വന്തം ചെലവിൽ രണ്ടു വട്ടം പിസിആർ ടെസ്റ്റ് നടത്തുകയും വേണം.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവച്ച് ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കുന്നത് തടയാനാണ് കനത്ത പിഴയും ജയിൽ ശിക്ഷയും ഏർപ്പെടുത്തിയിട്ടുള്ളത്. ബ്രസീൽ ഉൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളും സൗത്താഫ്രിക്ക ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളും യുഎഇയുമാണ് നിലവിൽ റെഡ് ലിസ്റ്റിൽ ഉള്ളത്. ഇന്ത്യ ഈ ലിസ്റ്റിലില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.