1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ബ്രിട്ടണില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി ജയിച്ചാലും ബ്രിട്ടീഷ് മിലിട്ടറിയിലെ 30,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് തിങ്ക് ടാങ്കിന്റെ മുന്നറിയിപ്പ്. നാറ്റോയുടെ നിര്‍ദ്ദേശപ്രകാരം ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കണമെന്നാണ്. എന്നാല്‍, അടുത്തഘട്ടം ചെലവു ചുരുക്കല്‍ കൂടി നടത്തിക്കഴിയുമ്പോള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചെലവഴിക്കുന്ന തുക നാറ്റോയുടെ മാനദണ്ഡങ്ങള്‍ക്കും താഴെയായിരിക്കുമെന്ന് റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ആര്‍മി, നേവി, ആര്‍എഎഫ് എന്നിവയുടെ എല്ലാം കൂടിയുള്ള എണ്ണം 145,000 ത്തില്‍നിന്ന് 115,000 ആയി 2020ഓടെ കുറയുമെന്നും ആര്‍യുഎസ്‌ഐ പറയുന്നു.

നാറ്റോ മുന്നോട്ടു വെച്ചിരിക്കുന്ന മാനദണ്ഡ പ്രകാരം പ്രതിരോധ മന്ത്രാലയത്തെ നിലനിര്‍ത്താമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോ ലേബര്‍ പാര്‍ട്ടിയോ ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. നിലവിലെ കൊളീഷന്‍ സര്‍ക്കാര്‍ ജിഡിപിയുടെ രണ്ട് ശതമാനം ചെലവഴിക്കുന്നുണ്ടെങ്കിലും ഈ പാര്‍ലമെന്റിന്റെ അവസാനം വരെയെ അതുണ്ടാകു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നാറ്റോ മാനദണ്ഡം പാലിച്ച് പ്രതിരോധ മന്ത്രാലയത്തിന് ജിഡിപിയുടെ രണ്ട് ശതമാനം തുക ചെലവഴിക്കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാമറൂണ്‍ ഇതിന് മുതിരാത്തത് മുന്നോട്ടുള്ള ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചാണ്.

ബ്രിട്ടീഷ് സമ്പത്ത് ഘടന മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനാല്‍ വരും നാളുകളില്‍ ജിഡിപി വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി നല്‍കേണ്ട തുകയുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടാകും. ബാക്കി എല്ലാ കാര്യത്തിലും ചെലവ് വെട്ടിച്ചുരുക്കല്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധത്തിന് വേണ്ടി മാത്രമായി ചെലവ് കൂട്ടാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.