1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2017

സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം ലോകത്തെ അറിയിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തക അന്തരിച്ചു. യുദ്ധം ആരംഭിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ക്ലെയര്‍ ഹോളിങ്‌വര്‍ത് നൂറ്റിയഞ്ചാം വയസ്സില്‍ ഹോങ്കോങ്ങിലാണ് നിര്യാതയായത്. 1939 ഓഗസ്റ്റില്‍ ജര്‍മനിയുടെ പോളണ്ട് ആക്രമണം ലോകത്തെ ആദ്യമറിയിച്ചതു ഹോളിങ്‌വര്‍ത്തായിരുന്നു. പോളണ്ടില്‍നിന്നു ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാണു ക്ലെയര്‍ പോളണ്ടിന്റെ അതിര്‍ത്തിയിലെ ജര്‍മന്‍ സൈനിക നീക്കം ശ്രദ്ധിച്ചത്.

പത്രപ്രവര്‍ത്തനത്തില്‍ മുന്‍പരിചയം ഇല്ലെങ്കിലും ക്ലെയര്‍ ആ വാര്‍ത്ത ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തിനു നല്‍കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം ജര്‍മന്‍ സൈന്യം ആക്രമണം ആരംഭിച്ചപ്പോഴും ആദ്യം റിപ്പോര്‍ട്ട് ചെയ്തതു ക്ലെയറായിരുന്നു. ജര്‍മന്‍ ആക്രമണ സമയത്തു പോളണ്ടിലെ ആയിരക്കണക്കിന് ആളുകള്‍ക്കു ബ്രിട്ടിഷ് വീസ സംഘടിപ്പിച്ചുനല്‍കി രക്ഷപ്പെടുത്താനും ക്ലെയര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ബ്രിട്ടീഷ് ചാരന്‍ കിം ഫില്‍ബിയെക്കുറിച്ചുള്ള സ്‌കൂപ്പ് 1963 ല്‍ ദ ഗാര്‍ഡിയനില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ക്ലെയറിന്റെ മറ്റൊരു പ്രധാന വാര്‍ത്ത. 1946 ല്‍ ജറുസലമില്‍ കിങ് ഡേവിഡ് ഹോട്ടല്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നപ്പോള്‍ പരിസരത്തുണ്ടായിരുന്ന ക്ലെയര്‍ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വിയറ്റ്‌നാം, അല്‍ജീറിയ, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ യുദ്ധകാര്യ ലേഖികയായിരുന്നു. പിന്നീടു ഹോങ്കോങ്ങിലേക്കു താമസം മാറ്റി. 1911 ല്‍ ലെസ്റ്ററില്‍ ജനിച്ച ക്ലെയര്‍ കഴിഞ്ഞ ഒക്ടോബറിലാണു 105 ആം പിറന്നാള്‍ ആഘോഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.