1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2019

സ്വന്തം ലേഖകൻ: ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്ക്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ 2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങി.

650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് നേടിയത്. 1987 ലെ മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്തിലുണ്ടായ മുന്നേറ്റത്തിനു ശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത്ര വലിയ വിജയം നേടുന്നത്.

സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വിജയിക്കാന്‍ വേണ്ടത്. എക്‌സിറ്റ് പോളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 357 സീറ്റുകള്‍ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റം തുടരുന്നത്.

വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ടുരേഖപ്പെടുത്തിയത്. ‘തലമുറയിലെ ഏറ്റവുംപ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രാവിലെ ഏഴിനാരംഭിച്ച പോളിങ് രാത്രി പത്തുവരെ നീണ്ടിരുന്നു.

ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, ഉത്തര അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി നാലായിരത്തിലേറെ പോളിങ് ബൂത്തുകളൊരുക്കിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്.

2016-ല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണിത്. .

അതേ സമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വരുകയും തൂക്കുസര്‍ക്കാരുണ്ടാകുകയും ചെയ്താല്‍ ബ്രെക്‌സിറ്റ് ഇനിയും കാലങ്ങളോളം തീരുമാനമാകാതെ തുടരും. ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ബ്രിട്ടന് നേട്ടമുണ്ടാക്കുന്ന മൃദു ബ്രെക്‌സിറ്റ് കരാര്‍ മൂന്നുമാസത്തിനുള്ളില്‍ കൊണ്ടുവരുമെന്നും അതില്‍ വീണ്ടും ജനഹിതപരിശോധന നടത്തുമെന്നുമാണ് ജെറെമി കോര്‍ബിന്റെ വാഗ്ദാനം.

നേരത്തേയുള്ള കരാര്‍പ്രകാരം ഒക്ടോബര്‍ 31-ന് ബ്രെക്‌സിറ്റ് കരാറില്‍ സമവായത്തിലെത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.