1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2021

സ്വന്തം ലേഖകൻ: പുതുവർഷത്തിൽ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബൊണാൻസയുമായി ബോറിസ് ജോൺസൺ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും ക്ഷാമം നേരിടുകയാണ് എൻ‌എച്ച്‌എസ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കഴിഞ്ഞ വർഷം ഉയർന്നതായാണ് സർക്കാർ കണക്കുകൾ പ്ര് സൂചിപ്പിക്കുന്നത്.

എന്നാൽ ആശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതോടെ മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയിലാണ് യുകെയിലെ ആരോഗ്യരംഗം. ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.

2021 ൽ പൊതുമേഖലയിലെ മുൻ‌നിര ഒഴിവുകൾ നികത്തുന്നത് പരിഗണിക്കുമെന്നും ജോലികളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവും അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഫലമായി ഒരു ദശലക്ഷത്തിലധികം ജോലികളാണ് ഇല്ലാതായത്. ഈ വിടവ് നികത്തുന്നത് സർക്കാരിന് വെല്ലുവിളിയാകും.

തൊഴിൽ നഷ്ടം അനുഭവിക്കുന്നവർക്ക് ആശ്വാസമായി എൻ‌എച്ച്എസ്, അദ്ധ്യാപനം, ജയിലുകൾ എന്നിവയിലെ മുൻ‌നിര തസ്തികകൾ നിറയ്ക്കാൻ വരും മാസങ്ങളിൽ ഒരു “റിക്രൂട്ട്‌മെന്റ് ബ്ലിറ്റ്സ്” തന്നെ ഉണ്ടായേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പോലീസ് ഓഫീസർമാർക്കായി ഒരു പ്രത്യേക ടെലിവിഷൻ പരസ്യവും ജനുവരി 5 ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും പുറത്തിറക്കുന്നുണ്ട്.

കൂടുതൽ അധ്യാപകരെയും നഴ്‌സുമാരെയും പോലീസ് ഓഫീസർമാരേയും മറ്റ് മുൻ‌നിര പ്രവർത്തകരെയും നിയമിക്കാൻ പ്രതിജ്ഞാബദ്ധനാണ് താനെന്നും 2021 വളർച്ചയുടെയും പുനർ‌നിർമ്മാണത്തിന്റേയും വർഷമായിരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ ആഞ്ഞടിക്കുമ്പോൾ പ്രതിദിനം രോഗികളാകുന്നവരുടെ എണ്ണം അമ്പതിനായിരവും കഴിഞ്ഞ് കുതിക്കുകയാണ്. മരണനിരക്കും ഏപ്രിൽ-മേയ് മാസങ്ങളിലേതിനു സമാനമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയിരത്തിനടുത്താണ് മരണനിരക്ക്. ബുധനാഴ്ച 981 പേരും ഇന്നലെ 964 പേരുമാണ് മരിച്ചത്. ഇന്നലെ മാത്രം രോഗികളായത് 55,892 പേരാണ്. 23,813 പേരാണ് വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.

എൻഎച്ച്എസ് ആശുപത്രികളെല്ലാം കൊവിഡ് രോഗികളെക്കൊണ്ടു നിറയുന്ന സ്ഥിതിയാണ്. അത്യാവശ്യമല്ലാത്ത മറ്റു ചികിൽസകളൊന്നും ആശുപത്രികളിലില്ല. നല്ലൊരു ശതമാനം ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളായി മാറിയത് എൻഎച്ച്എസിന്റെ പ്രവർത്തനം തന്നെ അവതാളത്തിലാക്കി.

രാജ്യത്തിന്റെ വളരെ കുറച്ചു പ്രവശ്യകളൊഴികെ എല്ലായിടവും ലോക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണത്തിലാണ്. അവശ്യ സർവീസുകളും സൂപ്പർ മാർക്കറ്റ് ശൃംഖലകളും മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷണശാലകളിൽ അനുവദിനീയമായത് ടേക്ക് എവേ സർവീസുകൾ മാത്രം. രൂപമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനം അതിവേഗമാണെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനം തെളിയിക്കുന്നത്.

രോഗവ്യാപനം നിയന്ത്രണാതീതമായതോടെ ക്രിസ്മസ് അവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നത് പലേടത്തും നീട്ടിവച്ചു. ജനുവരി അഞ്ചുമുതൽ തുറക്കേണ്ടിയിരുന്ന സ്കൂളുകൾ പലതും 18 വരെ അടച്ചിടാനാണ് സർക്കാരിന്റെ തീരുമാനം. മുതിർന്ന ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ വിലയിരുത്തി സ്കൂൾ -കൗൺസിൽ അധികൃതർ ക്ലാസുകൾ തുടങ്ങുന്നത് തീരുമാനിക്കും.

ടിയർ-4 നിയന്ത്രണത്തിലായതിനാൽ ലണ്ടൻ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ന്യൂ ഇയർ വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും നടന്നില്ല. പകരം ലണ്ടൻ- ഐ, ടവർ ബ്രിഡ്ജ്, വെംബ്ലി സ്റ്റേഡിയം, ഒ-ടു അരീന എന്നിവിടങ്ങളിൽ ഒരുക്കിയ ലേസർ ഷോകൾ ടെലിവിഷനിലൂടെ കണ്ടാണ് ജനങ്ങൾ പുതുവർഷം ആഘോഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.