1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

ബ്രിട്ടണിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കാമുകന്മാരില്‍ നിന്ന് പീഡനങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

ബ്രിട്ടണിലെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ പത്തില്‍ നാല് പേരും ലൈംഗികതയിലേക്ക് നിര്‍ബന്ധിക്കപ്പെടുകയോ മറ്റേതെങ്കിലും ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. 13 നും 17നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയിലാണ് ഗവേഷകസംഘം പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി സംസാരിക്കാന്‍ തയാറായ പെണ്‍കുട്ടികളില്‍ പലരും തങ്ങള്‍ക്ക് കൈപ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ബോയ്ഫ്രണ്ട്‌സ് വൈകാരികമായി മുറിപ്പെടുത്താറുണ്ടെന്നും, ശാരീരിക മര്‍ദ്ദനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നും ചില പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ സ്‌കൂള്‍ അധികൃതരുടെയോ മാതാപിതാക്കളുടെയോ ശ്രദ്ധയില്‍പ്പെടാറില്ലാത്തതിനാല്‍ ഏത് തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാറില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ കരിക്കുലത്തില്‍ ഇത്തരം സംഭവങ്ങളെയും ബന്ധങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉള്‍പ്പെടുത്തണമെന്നും എന്‍എസ്പിസിസി ആവശ്യപ്പെടുന്നു.

യൂറോപ്പില്‍ നടന്നിട്ടുള്ളതിലും വെച്ച് ഏറ്റവും വലിയ പഠനമാണിത്. 4500 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് സര്‍വെയും പഠനവും നടത്തിയത്. ഏകദേശം ആയിരം പെണ്‍കുട്ടികളെ പഠനസംഘം ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തു. പെണ്‍കുട്ടികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത് ഉയര്‍ന്ന സമ്മര്‍ദ്ദങ്ങളാണെന്നാണ്. അഞ്ചില്‍ ഒരാള്‍ ശാരീരിക മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിപ്പെട്ടു. ബോയ് ഫ്രണ്ട്‌സ് ലൈംഗികതയില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുന്നത് പതിവായിട്ടുണ്ടെന്നും ചില അവസരങ്ങളില്‍ ബലാത്സംഗം പോലും നടന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പത്തില്‍ നാല് പെണ്‍കുട്ടികള്‍ പറയുന്നു ആണ്‍കുട്ടികള്‍ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയക്കാറുണ്ടെന്നും നാലിലൊന്ന് പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ തിരികെ അയക്കാന്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും പറയുന്നു. ബോയി ഫ്രണ്ട്‌സിന്റെ സമ്മര്‍ദ്ദം ഉള്ളതുകൊണ്ട് സുഹൃത്തുക്കളുമായി പുറത്തുപോകാന്‍ അനുവദിക്കാറില്ലെന്നും ഇത് വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്നും പേര് വെളുപ്പെടുത്താത്ത പെണ്‍കുട്ടികള്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സ്‌കൂള്‍ കരിക്കുലത്തില്‍ ലൈംഗിക പഠനം വിഷയമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.