
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാനെയും എല്ലാ രാജകീയ പദവികളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും നീക്കം ചെയ്തു. രാജകുടുംബാംഗം എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ ചുമതലകളിൽനിന്നും ഇരുവരെയും ഒഴിവാക്കിയതായി ബർക്കിംങ്ങാം പാലസ് ഔദ്യോഗികമായി അറിയിച്ചു.
ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ് പദവിയും കോമൺവെൽത്ത് ട്രസ്റ്റിലും റോയൽ മറീൻസിലും വിവിധ കായിക സംഘടകളിലും ഹാരി രാജകുമാരൻ വഹിച്ചിരുന്ന പദവികളെല്ലാം ഇതോടെ നഷ്ടമാകും. വിവാഹ ശേഷം രാജകുടുംബവുമായി അകന്ന ഹാരിയും ഭാര്യയും അമേരിക്കയിലെ കലിഫോർണിയയിലാണ് ഇപ്പോഴുള്ളത്.
ഹാരിയെ ഫോണിൽ വിളിച്ചാണ് എലിസബത്ത് രാജ്ഞി തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു മറുപടിയായി കൊട്ടാരത്തിനു പുറത്തും സേവന മേഖലകളുണ്ടെന്ന് ഹാരി പറഞ്ഞതായും റിപ്പോർട്ടുകൾ വിവരിക്കുന്നു.
മുതിർന്ന രാജകുടുംബാംഗമെന്ന നിലയിൽ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിൽ ഹാരി പരാജയപ്പെട്ടു എന്നാണ് ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. ഇതിലൂടെ തന്റെ കടമ രാജ്യത്തോടും ജനങ്ങളോടും രാജവംശത്തോടും മാത്രമാണെന്ന് ഒരിക്കൽ കൂടി രാജ്ഞി തെളിയിക്കുകയും ചെയ്തു.
ഉത്തരവിനോടുള്ള ഹാരിയുടെ പ്രതികരണം രാജ്ഞിയെ അപമാനിക്കുന്നതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വിവാദപരമായ പല വെളിപ്പെടുത്തലുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്ന മെഗാന്റെ ഒരു ടെലിവിഷൻ അഭിമുഖത്തെക്കുറിച്ചുള്ള വാർത്തകളാണ് പെട്ടെന്നുള്ള കനത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല