1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2019

സ്വന്തം ലേഖകന്‍: ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും; പൊതുതിരഞ്ഞെടുപ്പ് ഉന്നംവെച്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ഇടക്കാല ബജറ്റാവും അവതരിപ്പിക്കുകയെങ്കിലും പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരെയും മധ്യവര്‍ഗക്കാരെയും ഉന്നം വെച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന്. കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും.

വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. നികുതി ഇളവുകളാണ് മധ്യവര്‍ഗത്തിന്റെയും ചെറുകിട വ്യവസായികളുടെയും പ്രതീക്ഷ. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും പരാമര്‍ശിച്ചിരുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതി, സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കുറയ്ക്കല്‍ എന്നിവക്കും നിര്‍ദേശങ്ങളുണ്ട്. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.

കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും!, ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തും എന്നിങ്ങനെ കോണ്‍ഗ്രസ് വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണ്. അതേസമയം, വന്‍ ഇളവുകളോ നയം മാറ്റമോ പ്രഖ്യാപിക്കാന്‍ തക്ക സാമ്പത്തിക സ്ഥിതിയില്ല എന്നതും വെല്ലുവിളിയാണ്. അരുണ്‍ ജെയ്റ്റ്‌ലി ചികിത്സാര്‍ഥം വിദേശത്തായതിനാല്‍ പകരം ചുമതലയുള്ള പിയൂഷ് ഗോയലാണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.