
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ബിഹാറിലെ പല പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി. മാധേപുര, സഹര്‍സ, സുപാള്‍ മേഖലകളില്‍ ഗതാഗത സംവിധാനങ്ങളും താറുമാറായി. മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ലക്ഷം പേരെ ഒഴിപ്പിച്ചു. തീരദേശ മേഖലകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ നിരവധി കപ്പല്‍ സര്‍വ്വീസുകളും റദ്ദാക്കി.
ശനിയാഴ്ച മുതല്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കൊല്‍ക്കത്തയില്‍ ഒരാളും നോര്‍ത്ത് 24 പര്‍ഗാനയില്‍ അഞ്ചുപേരും മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് മിഡ്‌നാപൂരിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേഹത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണതാണ് കൊല്‍ക്കത്തയില്‍ ക്ലബ് ജീവനക്കാരന്‍ മരിക്കാന്‍ കാരണമായത്. നോര്‍ത്ത് 24 പര്‍ഗാനയില്‍ വ്യത്യസ്ത സംഭവങ്ങളിലാണ് അഞ്ചുപേര്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല