1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2016

സ്വന്തം ലേഖകന്‍: പുതുവര്‍ഷ രാവില്‍ ദുബായ് ബുര്‍ജ് ഖലീഫക്കു സമീപം വന്‍ തീപിടുത്തം, 63 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിനശിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു ബുര്‍ജ് ഖലീഫയില്‍ നിന്ന് ഏറെ അകലെയല്ലാതെ ഡൗണ്‍ടൗണില്‍ ഒറ്റപ്പെട്ട നില്‍ക്കുന്ന ദ അഡ്രസ് ഹോട്ടലിന്റെ ഒരുവശത്ത് തീ കണ്ടത്. 63 നിലകളിലേക്ക് തീ പടരാന്‍ അധികം നേരം വേണ്ടിവന്നില്ല.

20 മത്തെ നിലയുടെ പുറത്തു നിന്നാണ് തീ ആദ്യം ആളിയതെന്നാണ് നിഗമനം. പുക ഉയര്‍ന്നയുടന്‍ അലാറം മുഴങ്ങിയതിനാല്‍ ഹോട്ടലിനകത്തുള്ളവര്‍ പെട്ടെന്ന് പുറത്തേക്ക് ഓടി. പുതുവല്‍സര ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി പൊലീസും സിവില്‍ ഡിഫന്‍സും സമീപത്തു തന്നെയുണ്ടായതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

സമീപത്ത് വലിയ കെട്ടിടങ്ങള്‍ ഇല്ലാത്തത് സിവില്‍ ഡിഫന്‍സിന് തലവേദന കുറച്ചു. ഹോട്ടലിലെയും സമീപ പ്രദേശത്ത് തടിച്ചു കൂടിയവരെയും ഒഴുപ്പിക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. അതേസമയം, തന്നെ തീയണക്കാനുള്ള ശ്രമവും ഊര്‍ജിതമായി. എങ്കിലൂം തീ വളരെപെട്ടെന്ന് താഴേക്കും മുകളിലേക്കും പടര്‍ന്നതോടെ ഹോട്ടല്‍ മുഴുവന്‍ കത്തുന്ന പ്രതീതിയായി. അധികം വൈകാതെ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്തെത്തി. ഹോട്ടലിന്റെ മുകള്‍ത്തട്ടിലും മറ്റും ആളുകളെ കണ്ടെത്താന്‍ ഡ്രോണുകളം രംഗത്തുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 63 നിലയുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉയരം 302 മീറ്ററാണ്.

തീപ്പിടത്തത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. തിരക്കിലും പുകയിലും പെട്ട് ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും അസ്വസ്ഥത അനുഭവപ്പെട്ട എല്ലാവര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കിയതായും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.