1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2019

സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും അസമിലും സിക്കിമിലും ബി.ജെ.പി. നേട്ടമുണ്ടാക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്റെയും സംസ്ഥാനമായ ഗുജറാത്തില്‍ കനത്ത തിരിച്ചടി. ഗുജറാത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു ഗംഭീര തിരിച്ചുവരവ് നടത്തി.

ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 11 നിയമസഭ മണ്ഡലങ്ങളില്‍ ഏഴിടത്ത് ബി.ജെ.പി. മുന്നേറ്റം നടത്തുന്നു. സൈദ്പുരില്‍ സമാജ് വാദി പാര്‍ട്ടി വിജയിച്ചു. രാംപുരില്‍ അസംഖാന്റെ ഭാര്യ തസീന്‍ ഫാത്തിമ ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡ് നിലനിര്‍ത്തുന്നു. ബി.എസ്.പി.യും അപ്‌നാദളും ഓരോ മണ്ഡലങ്ങളിലും മുന്നേറുന്നു.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ലോക്‌സഭ മണ്ഡലത്തില്‍ എല്‍.ജെ.പി. വിജയത്തിലേക്ക്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ രണ്ടിടത്ത് ആര്‍.ജെ.ഡി.യും എ.ഐ.എം.ഐ.എം, ജെ.ഡി.യു എന്നിവര്‍ ഓരോ സീറ്റുകളിലും വ്യക്തമായ ലീഡ് നേടി മുന്നേറ്റം തുടരുകയാണ്. ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്നിട്ടുനില്‍ക്കുന്നു.

ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആറുസീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം നേടി മുന്നേറ്റംതുടരുന്നു. ബി.ജെ.പി. രണ്ടുസീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലെത്തിയ അല്‍പേഷ് താക്കൂര്‍ രധന്‍പുര്‍ മണ്ഡലത്തില്‍ തോറ്റു.

അസമിലെ നാലുസീറ്റുകളില്‍ മൂന്നിലും ബി.ജെ.പി.യ്ക്കാണ് നേട്ടം. ഒരിടത്ത് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് മുന്നണിയും ലീഡ് നേടി. പഞ്ചാബിലെ നാലുസീറ്റുകളില്‍ മൂന്നെണ്ണത്തിലും കോണ്‍ഗ്രസ് ജയിച്ചുകയറി. ഒരിടത്ത് ശിരോമണി അകാലിദളിനാണ് വിജയം. ഹിമാചല്‍ പ്രദേശിലെ രണ്ടുസീറ്റുകളും ബി.ജെ.പി. നേടി. ധര്‍മ്മശാലയില്‍ വിശാല്‍ നെഹ്രിയ 6758 വോട്ടിന്റെയും പച്ഛാഡില്‍ റീന കശ്യപ് 2808 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

അരുണാചല്‍ പ്രദേശിലെ ഗോന്‍സാ വെസ്റ്റ് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അസെദ് ഹോംതോക് 1887 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഛത്തീസ്ഗഢിലെ ചിത്രകൂടില്‍ കോണ്‍ഗ്രസിന്റെ രാജ്മാന്‍ വെഞ്ചാം 17862 വോട്ടിന് ബി.ജെ.പി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. ഒഡീഷയിലെ ബിജേപുര്‍ നിയമസഭ മണ്ഡലത്തില്‍ ബിജുജനതാദള്‍ സ്ഥാനാര്‍ഥി റിതാ സാഹു ജയിച്ചു. 97990 വോട്ടുകള്‍ക്കാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയെ റിതാ സാഹു തോല്‍പ്പിച്ചത്.

പുതുച്ചേരിയിലെ കാമരാജ് നഗറില്‍ കോണ്‍ഗ്രസിനാണ് ജയം. ഓള്‍ഇന്ത്യാ എന്‍.ആര്‍.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 7170 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.ജോണ്‍കുമാര്‍ പരാജയപ്പെടുത്തിയത്. രാജാസ്ഥാനിലെ രണ്ടുസീറ്റുകളില്‍ ഒരിടത്ത് കോണ്‍ഗ്രസിന്റെ വിജയം പ്രഖ്യാപിച്ചു. ഒരുസീറ്റില്‍ ആര്‍.എല്‍.പി.യാണ് മുന്നിട്ടുനില്‍ക്കുന്നത്.

സിക്കിമിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ രണ്ടിടത്ത് ബി.ജെ.പി.ക്കാണ് ജയം. സിക്കിം ക്രാന്തികാരി മോര്‍ച്ച ഒരുസീറ്റില്‍ ജയിച്ചു. തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും എ.ഐ.എ.ഡി.എം.കെ. വിജയിച്ചു. തെലങ്കാനയിലെ ഒരു മണ്ഡലത്തില്‍ ടി.ആര്‍.സും വിജയം ഉറപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.