
സ്വന്തം ലേഖകൻ: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരു സീറ്റ് യു.ഡി.എഫ്, എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. അരൂര്‍ പിടിച്ചെടുത്ത യു.ഡി.എഫ് മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തി. ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്‍റെ മിന്നുന്ന ജയമാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കരുത്തായത്. എന്‍.എസ്.എസ് പരസ്യമായി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തില്‍ 14465 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വി.കെ പ്രശാന്ത് ജയിച്ചത്.
കോന്നിയില്‍ 9953 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാറിന്‍റെ വിജയം. ശക്തമായ ത്രികോണ മല്‍സരം എന്ന പ്രതീതിയുണ്ടായ കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടു കുറഞ്ഞു.
രണ്ട് മണ്ഡലം നഷ്ടമായെങ്കിലും ഇടത് കോട്ടയായിരുന്ന അരൂരില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അരൂരില്‍ വോട്ടെണ്ണലിന്‍റെ അവസാന നിമിഷം വരെ ഉദ്വേഗം നിലനിന്നു. എങ്കിലും ഷാനിമോള്‍ ആദ്യാവസാനം ലീഡ് നിലനിര്‍ത്തി.
കനത്ത മഴയില്‍ വോട്ടെടുപ്പ് തന്നെ പ്രതിസന്ധിയിലായ എറണാകുളത്ത് യു.ഡി.എഫിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 3750 വോട്ടിനാണ് ടി.ജെ വിനോദിന്റെ വിജയം. പോളിങ് ശതമാനം കുറഞ്ഞതും എല്‍.ഡി.എഫിന് ഗുണം ചെയ്തില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന്‍ 2544 വോട്ട് നേടി.
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന് 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയം നേടാനായി. ഇവിടെ ബി.ജെ.പിയുടെ വോട്ട് കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു.
ആദ്യമായി ജനപ്രതിനിധിയായി അരൂരില്‍ നിന്ന് ജയിച്ചുകയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. 2000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോളിന്റെ വിജയം. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തത്. കെ.ആര്‍ ഗൗരിയമ്മയില്‍ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല