1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2019

സ്വന്തം ലേഖകൻ: പൗരത്വത്തിന്റെപേരിൽ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാൻ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

പൊതുവായ ഒട്ടേറെ രേഖകൾ ഇതിനായിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി രാജ്യമൊട്ടുക്കും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മന്ത്രാലയവക്താവ് വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന ട്വീറ്റുചെയ്തത്. അസം മാതൃകയിൽ ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമ്പോൾ 1971-നുമുമ്പുള്ള ആധികാരികരേഖ വേണമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ട്വീറ്റ്.

ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകളുടെ കാര്യത്തിൽ സാക്ഷികളെ ഹാജരാക്കിയാൽ മതിയാവും. ഇത്തരക്കാരുടെ കാര്യത്തിൽ തദ്ദേശവാസികൾ നൽകുന്ന തെളിവും സ്വീകാര്യമായിരിക്കും. പൗരത്വത്തിന് ഇതുപോലെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ ഉണ്ടാവുമെന്ന് മന്ത്രാലയവക്താവ് പറഞ്ഞു.

1987-നുമുമ്പ് ഇന്ത്യയിൽ ജനിച്ചവരും ആ വർഷത്തിനുമുമ്പ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. 2004-ലെ പൗരത്വ നിയമ ഭേദഗതിയനുസരിച്ച്, മാതാപിതാക്കൾ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാൾ ഇന്ത്യൻ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്താൽ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും.

പൗരത്വ നിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അസമിലുള്ളവരുടെ പൗരത്വം നിർണയിക്കുന്നതിന് മാത്രമാണ് 1971 അടിസ്ഥാനവർഷമായി കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.