1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2020

സ്വന്തം ലേഖകൻ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുമായി കോളനി നിവാസികള്‍. രണ്ടു യുവതികളുള്‍പ്പെടെയുള്ള കോളനി നിവസികളാണ് അമിത്ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. ദല്‍ഹിയിലെ ലജ്പത് നഗറില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത്ഷാ.

വൈകീട്ട് നാലേമുക്കാലോടെയാണ് അമിത്ഷാ ലജ്പത് നഗറിലെ കോളനിയില്‍ പ്രചാരണ പരിപാടിക്കെത്തിയത്. നടന്നു പോവുകയായിരുന്ന അമിത്ഷായ്ക്കു നേരെ കോളനി നിവാസികള്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുവീടാന്തരം കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കെതിരായി മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം ഫ്ലാറ്റുടമകൾ ഇറക്കിവിട്ടതായും റിപ്പോർട്ടുണ്ട്.

ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ദില്ലിയിലെ ലാജ്പത് നഗർ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് ഗോയൽ അടക്കമുള്ളവർ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാൻ ഇടയില്ലാത്ത സ്ഥലമെന്ന നിലയിൽ, ലാജ്പത് നഗർ ഭവനസന്ദർശനത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടായി.

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികൾ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.

ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനായിരുന്നു പൊലീസ് നടപടി. പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.