1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസായി. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.

പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങള്‍: ‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല.

ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019-ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്നും വെള്ളിയാഴ്ച ചേരുന്ന അവകാശസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ പ്രമേയം ഭരണഘടനപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും റാവു ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.