1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരങ്ങളെ അടിച്ചമര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സൂചിപ്പിച്ച് ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിഅ സമര സമിതി ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സമരത്തിന് എല്ലാ സര്‍വകലാശാലാ വിദ്യാർഥികളില്‍ നിന്നും പിന്തുണ വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജാമിഅ മില്ലിയയില്‍ സംഘര്‍ഷം ആരംഭിച്ചത്. സമാധാനമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയിലെ ലൈബ്രറിയിലും പള്ളിയിലുമടക്കം കയറി പൊലീസ് അക്രമം അഴിച്ച് വിട്ടിരുന്നു. ഡല്‍ഹി പൊലീസിന്‍റെ പ്രവൃത്തി ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കുകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്യാംപസില്‍ പ്രവേശിക്കുന്നതില്‍നിന്ന് കമല്‍ ഹാസനെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അധികൃതര്‍ അനുമതി നിഷേധിച്ചതിനാല്‍ കമലിനു ക്യാംപസിനകത്തു കയറാനായില്ല.

വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം സര്‍വകലാശാല ക്യാംപസിനു 23 വരെ അവധി നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടാവസ്ഥയിലായതു കൊണ്ടാണു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയതെന്നു കമല്‍ ഹാസന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.