1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

“പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. കേരളത്തിന് ഒരു പ്രശ്‌നവും വരാത്ത ഒരു വിഷയത്തില്‍ ഈയാളുകള്‍ ഇടപെടുന്നത് എന്തിനാണ്? വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല,” അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞദിവസമാണ് കേരളാ നിയമസഭ പ്രമേയം പാസാക്കിയത്. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ ഒഴികെ പ്രതിപക്ഷ അംഗങ്ങള്‍ അടക്കം എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

അതേസമയം പ്രമേയത്തിനെതിരെ വോട്ട് ചെയ്യാത്തത് മനഃപൂര്‍വമാണെന്ന വിശദീകരണവുമായി രാജഗോപാല്‍ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരാള്‍ മാത്രം എതിര്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

നേരത്തെ നിയമസഭയില്‍ പ്രമേയം പാസാക്കിയപ്പോള്‍ പ്രസംഗത്തില്‍ വിയോജിച്ചെങ്കിലും ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തിരുന്നില്ല. പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്ത് കൈ പൊക്കാതിരിക്കുകയായിരുന്നു.

അതുകൊണ്ടു തന്നെ പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയതായാണ് സ്പീക്കറുടെ ഓഫീസ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ നിയമം പിന്‍വലിക്കണമെന്നു ബി.ജെ.പി അംഗമടക്കം ആവശ്യപ്പെട്ട പ്രമേയമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.