
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. ഇവിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി.
രാംപൂരില്‍ ശനിയാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ യു.പി.യില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയതായി വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഒരിടത്തും പോലീസ് വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ശനിയാഴ്ച ബിഹാറില്‍ നടന്ന ബന്ദ് പൂര്‍ണമായിരുന്നു. ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ മിക്കയിടത്തും ഗതാഗതം തടസപ്പെട്ടു. ആര്‍ജെഡി പ്രവര്‍ത്തകരുടെ മാര്‍ച്ചുകള്‍ പലയിടത്തും അക്രമാസക്തമായി. വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരേ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞത് ട്രെയിന്‍ ഗതാഗതവും താറുമാറാക്കി.
ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ജാമിയ മിലിയ ക്യാമ്പസിന് പുറത്ത് ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് ശേഷം ജാമിയക്ക് സമീപത്തേക്ക് നിരവധി പേരാണ് സംഘടിച്ചെത്തിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കോടതി ആസാദിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നിരോധാനാജ്ഞ നിലനില്‍ക്കുന്ന മംഗളൂരുവില്‍ ശനിയാഴ്ച കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. വൈകീട്ട് മൂന്നുമണി മുതല്‍ ആറുമണി വരെയാണ് പോലീസ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയോടെ മാത്രമേ പോലീസ് കര്‍ഫ്യു പിന്‍വലിക്കൂവെന്നാണ് വിവരം. അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ അരങ്ങേറി. ചെന്നൈയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ട്രെയിന്‍ തടയാന്‍ ശ്രമിച്ച നൂറിലധികം വിദ്യാര്‍ഥികളെ പോലീസ് പിടികൂടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല