1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2019

സ്വന്തം ലേഖകൻ: കേരള നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും.

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം നീട്ടി നല്‍കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മറ്റു കക്ഷി നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ഈ ആവശ്യം സര്‍ക്കാരും അംഗീകരിച്ചതോടെയാണ് പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി കൊണ്ട് പ്രമേയം പാസാക്കാന്‍ കളമൊരുങ്ങുന്നത്.

പട്ടികജാതി-പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടി നീട്ടുന്നതിനുള്ള അംഗീകാരം നല്‍കലും ഈ സമ്മേളനത്തില്‍ ഉണ്ടാകും. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരായ പ്രമേയവും നിയമസഭയില്‍ അവതരിപ്പിക്കും. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കണ്ടേക്കും. നിയമസഭ പ്രമേയം പാസാക്കിയ ശേഷമായിരിക്കും ഇത്.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന് ഭാവി പരിപാടികള്‍ക്ക് നിശ്ചയിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ പരിധി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.