
സ്വന്തം ലേഖകൻ: പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ നിയന്ത്രിക്കാനാതെ പൊലീസ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ സംഘടിക്കുന്നത്.
നിരോധനാഞ്ജ മറികടന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ദല്‍ഹിയില്‍ എല്ലാ റോഡുകളും മെട്രോ സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ നീക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. ദല്‍ഹിയിലേക്കുള്ള ദേശീയപാത അടച്ചിട്ടുണ്ട്. എന്‍.എച്ച് 47 ഉം മറ്റു പ്രധാന റോഡുകളുമാണ് അടച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയിലേക്ക് എത്താതിരിക്കാനാണ് നടപടി.
ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് ടെലഫോണ്‍ അടക്കമുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ മുതല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും മതസംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരുന്നു. നിരോധനാജ്ഞയെ മറികടന്നുകൊണ്ടുള്ള പ്രതിഷേധമായിരുന്നു തുടക്കത്തില്‍ തന്നെ കണ്ടത്.
ഹൈദരാബാദിലും ബെംഗളൂരുവിലും സമാനപ്രതിഷേധം തന്നെയാണ് നടക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചതിന് നിരവധിയാളുകളെയാണ് ബെംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും രാജ്യത്ത് നടക്കുന്നത് മോദിരാജാണെന്നും സി.പി.ഐ.എം പ്രതികരിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയാണ് സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ലക്‌നൗവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് വകീല്‍ ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസ് വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റര്‍ അറിയിച്ചു. ലക്‌നൗ നഗരത്തിലെ ഓള്‍ഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ മംഗ്‌ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്‌ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല