1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ക്കാണ് പിണറായി വിജയന്റെ കത്ത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് കേരളം എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ക്ക് എതിരായിരുന്നു എന്നതില്‍ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചും കേരള നിയമസഭ ഡിസംബര്‍ 31ന് പ്രമേയം പാസാക്കിയെന്ന കാര്യവും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാകണം. ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുക തന്നെ ചെയ്യുമെന്നും കത്തില്‍ പറയുന്നു.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. പ്രമേയം പാസാക്കിയതിനെതിരെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.

വേണ്ടത്ര നിയമോപദേശം തേടി വേണമായിരുന്നു പ്രമേയം പാസാക്കാന്‍ എന്നാണ് രവിശങ്കര്‍ പ്രസാദ് നേരത്തെ പറഞ്ഞത്. അതിനെതിരെയാണ് അമരീന്ദര്‍ സിങ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരള നിയമസഭ ചെയ്തത് ഉചിതമായ നടപടിയാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ജനങ്ങളുടെ ആഗ്രഹവും അറിവുമാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലെ അന്തസത്ത എന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ എംഎല്‍എമാരിലൂടെ ജനങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അമരീന്ദര്‍ സിങ് മറുപടി നല്‍കി. രവിശങ്കര്‍ പ്രസാദിന് കത്തിലൂടെയാണ് അമരീന്ദര്‍ സിങ് മറുപടി നല്‍കിയത്. ജനങ്ങളുടെ ശബ്ദത്തിന് ചെവികൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.