1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2019

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിയുന്നു. കാണ്‍പൂര്‍ വെടിവയ്പിന്‍റെയടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പൊലീസ് ഡിജിപി ഒപി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

പ്രതിഷേധം ശക്തമായ കാണ്‍പൂരിലടക്കം പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായിട്ടുണ്ട്.

യുപിയിലെ പ്രതിഷേധങ്ങിലാകെ 18 പേര്‍ക്കാണ് ജീവന്‍നഷ്ടമായത്. രാംപൂരിൽ ഇന്നലെ നടന്ന സംഘർഷത്തിലും ഒരാൾ മരിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം പിൻവലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിട്ടുമുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ദ്ദേശമാണ് പൊലീസ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്. മുസാഫർ നഗറിൽ മാത്രം 50 ഓളം കടകളാണ് ജില്ലാ ഭരണകൂടം സീൽ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് നിരവധി പേർക്ക് നോട്ടീസ് നല്‍കിയിരുന്നു. കടകളുടെ പരിസരങ്ങളിൽ പ്രതിഷേധങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മീററ്റിലും ബിജ്നോറിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റിൽ മാത്രം നാല് പേരാണ് അക്രമത്തിൽ മരിച്ചത്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇൻറർനെറ്റ് നിയന്ത്രണമുണ്ട്. പ്രശ്നസാധ്യതയുള്ള മേഖലകളിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് നിയന്ത്രണം.

അതേസമയം, മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്. ബിഹാറിൽ ആർജെഡി ആഹ്വാനം ചെയ്ത ബന്തിലും അക്രമം നടന്നു. പലയിടത്തും ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു. ട്രെയിൻ സർവ്വീസുകളെയും ബന്ത് ബാധിച്ചു. ഭാഗൽപൂരിൽ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശിലെ ജബൽപൂരിലും പ്രതിഷേധത്തിനിടെ അക്രമം നടന്നു. ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുകയാണ്. അഹമ്മദാബാദിൽ അക്രമത്തിനു നേതൃത്വം നല്കിയത് കോൺഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.