
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാഹിൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കിയെന്ന് കോണ്‍ഗ്രസും ആംആദ്മിയും പ്രതികരിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പൂര്‍ണമായും പ്രചാരണം പൌരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരാക്കി മാറ്റിയിരിക്കുകയാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ക്കര്‍ധൂമയില്‍ നടത്തിയ പ്രചാരണ റാലിയിലും മുഖ്യവിഷയം ഷാഹീന്‍ ബാഗായിരുന്നു. ഷാഹീൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ്. ഷാഹീൻ ബാഗ്, സീലംപൂർ, ജാമിഅ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾ മുതലെടുപ്പ് ലക്ഷ്യംവെച്ചുള്ളവയാണ്.
അരവിന്ദ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് മികച്ച വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി രണ്ടു കോടി വീടുകള്‍ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ നിര്‍മിച്ചുനല്‍കി. വൈകാതെ രണ്ടു കോടി വീടുകള്‍ക്കൂടി നിര്‍മിച്ചു നല്‍കും. എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്തുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മോദി ആരോപിച്ചു.
ഷാഹിന്‍ബാഗിലേക്കും ഓഖ്ലയിലേക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രചാരണത്തിന് കൊണ്ടുവരാനും ബി.ജെ.പി ഒരുങ്ങുന്നുണ്ട്. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കുന്നുണ്ടെന്നും അവര്‍ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രതികരിച്ചു.
പട്പര്‍ഗഞ്ചിലായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും റോഡ് ഷോ നടത്തിയത്. നാളെ രജൌരി ഗാര്‍ഡനില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിസംബോധന ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല