1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2024

സ്വന്തം ലേഖകൻ: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലേക്ക് വ്യാപിച്ചു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്.

ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഒരു പലസ്തീനി വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്തു. ഇവിടെ പോലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തി വീശുകയും ചെയ്തു.

ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും വന്‍ പ്രതിഷേധത്തിലാണ്. സര്‍വകലാശാലാ വളപ്പില്‍ ടെന്റുകള്‍ കെട്ടി താമസിച്ചാണ് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. നേരത്തേ പഴയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ യാര്‍ഡ് ക്യാമ്പസിലേക്കുള്ള പ്രവേശനം തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ടെന്റുകള്‍ കെട്ടിയത്.

ക്യാമ്പസ് പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ കൊളംബിയ സര്‍വകലാശാല സന്ദര്‍ശിച്ച യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണെതിരെ വലിയ പ്രതിഷേധമാണ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് ലൈബ്രറിയുടെ പടിക്കെട്ടില്‍ നിന്നാണ് അദ്ദേഹം വിദ്യാര്‍ഥികളോട് സംസാരിച്ചത്. ജൂതവിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കൊളംബിയ സര്‍വകലാശാലാ പ്രസിഡന്റ് രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ‘ഞങ്ങള്‍ക്ക് നിങ്ങളെ കേള്‍ക്കാന്‍ കഴിയുന്നില്ല’ എന്ന വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തില്‍ സ്പീക്കറുടെ വാക്കുകള്‍ മുങ്ങിപ്പോയി.

ബ്രൗണ്‍ സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) , കാലിഫോര്‍ണിയ സ്‌റ്റേറ്റ് പോളിടെക്‌നിക്, മിഷിഗണ്‍ സര്‍വകലാശാല എന്നീ ക്യാമ്പസുകളിലും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന യുഎസ് നയത്തിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

യുഎസ്സിലെ ക്യാമ്പസുകളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായി അപലപിച്ചു. പ്രതിഷേധങ്ങളെ ‘ഭീകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ക്യാമ്പസുകള്‍ ജൂതവിരുദ്ധര്‍ കയ്യേറിയെന്നും ആരോപിച്ചു. അമേരിക്കന്‍ ക്യാമ്പസുകളിലെ ജൂതവിരുദ്ധത 1330-കളില്‍ ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ സംഭവിച്ചതിനെ അനുസ്മരിപ്പിക്കുന്നുവെന്നും ഇത് കണ്ട് ലോകത്തിന് വെറുതേ നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വൈറ്റ് ഹൗസും ക്യാമ്പസുകളിലെ പല്തീന്‍ അനുകൂല പ്രതിഷേധങ്ങളെ അപലപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.