
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് കനേഡിയന്‍ വിലക്ക് തുടരുന്നു. ജൂണ്‍ 21വരെയാണ് വിലക്ക് നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് വിലക്ക് പ്രാബല്യത്തിലായത്. രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലോകരാജ്യങ്ങൾ മിക്കതും വിലക്കിട്ടതോടെയാണ് കാനഡയും ആ വഴിയേ നീങ്ങിയത്.
ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള എല്ലാവിധ വിമാന സര്‍വീസുകളും 30 ദിവസത്തേക്കായിരുന്നു വിലക്കിയതെന്നും പൊതുജന ആരോഗ്യ താല്‍പര്യം കണക്കിലെടുത്താണ് നടപടിയെന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഘബ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരുമാസത്തേക്ക് കൂടി നീട്ടിയത്.
വിമാനയാത്ര വിലക്ക് കൊണ്ട് കാനഡയിലെ കോവിഡ് പകര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അതിതീവ്ര വ്യാപാനമാണുള്ളത്. ജനിതകമാറ്റം വന്ന 26 മില്യണ്‍ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന യാത്രക്കാരാണെന്നാണ് കനേഡിയന്‍ സർക്കാരിൻ്റെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല