1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേയ്‌ക്കെന്ന ശക്തമായ സൂചനകള്‍ നല്‍കി കണക്കുകള്‍. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ തുടര്‍ഭരണ സൂചനകള്‍ നല്‍കി വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ വോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍, കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഇത് വരെ 156 സീറ്റുകളില്‍ മുന്നിലാണ്.

എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതിന് വേണ്ട കേവല ഭൂരിപക്ഷമായ 170 സീറ്റുകള്‍ എന്ന നിലയിലേയ്ക്ക് പാര്‍ട്ടി എത്തിയിട്ടില്ല. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇത് വരെ 123 സീറ്റുകള്‍ നേടിയതായാണ് കണക്കുകള്‍ പറയുന്നത്. ജനകീയ വോട്ടുകള്‍ കൂടുതലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെ സീറ്റുകള്‍ കൂടുതല്‍ നേടിയിരിക്കുന്നത് പ്രധാനമന്ത്രിയുടെ ലിബറല്‍ പാര്‍ട്ടിയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മറ്റ് പാര്‍ട്ടികളിലേതെങ്കിലുമായി സഖ്യം ചേര്‍ന്നാല്‍ ലിബറല്‍ പാര്‍ട്ടിയെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെങ്കിലും പാര്‍ട്ടികളുടെ രാഷ്ടീയ നിലപാടുകള്‍ കാനഡയില്‍ അത്തരമൊരു സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നതാണ്. കഴിഞ്ഞ മാസമായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞാണ്.

കോവിഡ് മഹാമാരിയെ തരണം ചെയ്തതിലൂടെ സര്‍ക്കാരിനും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ലഭിച്ച ജനസ്വീകാര്യത മുതലെടുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മുന്‍പേ തന്നെ നടത്താന്‍ ട്രൂഡോ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. കോവിഡിന്റെ ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

2015ലാണ് ജസ്റ്റിന്‍ ട്രൂഡോ ആദ്യമായി അധികാരത്തിലെത്തുന്നത്. പിന്നീട് 2019ലും അധികാരത്തിലേറിയെങ്കിലും ജനസ്വീകാര്യതയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. 2019ലും കേവല ഭൂരിപക്ഷമായ 170 സീറ്റിലേക്ക് ലിബറല്‍ പാര്‍ട്ടി എത്തിയിരുന്നില്ല. 2021ലെ തെരഞ്ഞെടുപ്പ് ഫലവും 2019 ആവര്‍ത്തനമായാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ 155 സീറ്റുകളായിരുന്നു ലിബറല്‍ പാര്‍ട്ടി നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.