1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2024

സ്വന്തം ലേഖകൻ: കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുൽ പ്രജാപതി എന്ന ഇന്ത്യൻ വംശജനായ ഡാറ്റാ സയന്‍റിസ്റ്റിന്, കാനഡയിൽ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് ‘സൗജന്യ ഭക്ഷണം’ ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെ തുടർന്ന് ജോലി നഷ്ടമായി.

വിഡിയോയിൽ, ഭക്ഷണത്തിലും പലചരക്ക് സാധനങ്ങളിലും ഓരോ മാസവും താൻ പണം ലാഭിക്കുന്നതായി പ്രജാപതി വ്യക്തമാക്കി.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും ട്രസ്റ്റുകളും പള്ളികളും ചേർന്ന് കോളേജുകളിലും സർവ്വകലാശാലകളിലും സ്ഥാപിച്ചിട്ടുള്ള ഫുഡ് ബാങ്കുകളിൽ നിന്നാണ് തനിക്ക് പലചരക്ക് സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, സോസുകൾ, പാസ്ത, ടിന്നിലടച്ച പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന സ്വന്തം ഭക്ഷണ ശേഖരവും പ്രജാപതി വിഡിയോയിൽ കാണിച്ചു. ഈ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലാകുകയും ടിഡി ബാങ്കിന്‍റെ നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഫുഡ് ബാങ്കുകൾ ആവശ്യമുള്ളവർക്ക് സഹായം നൽകാനാണ് സ്ഥാപിച്ചിരിക്കുന്നത്. അവ ഉപയോഗിച്ച് സമ്പാദ്യം നേടാൻ അനുവദിക്കാൻ പാടില്ല. ജോലി ചെയ്യുന്ന ആളുകൾക്ക് അവ ലഭ്യമാകരുതെന്നുമുള്ള വാദം പലരും സമൂഹമാധ്യമത്തിൽ ഉയർത്തി. ഈ വിവാദത്തെ തുടർന്ന്, പ്രജാപതിയെ ടിഡി ബാങ്ക് പിരിച്ചുവിട്ടു.

ഈ വ്യക്തിക്ക് കാനഡയിലെ ടിഡി ബാങ്കിൽ ബാങ്ക് ഡാറ്റാ സയന്‍റിസ്റ്റായി ജോലിയുണ്ട്, പ്രതിവർഷം ശരാശരി $98,000 ലഭിക്കുന്ന ഇയാൾ, ചാരിറ്റി ഫുഡ് ബാങ്കുകളിൽ നിന്ന് തനിക്ക് എത്രത്തോളം ‘സൗജന്യ ഭക്ഷണം’ ലഭിക്കുന്നു എന്ന് കാണിക്കുന്ന ഈ വിഡിയോ അഭിമാനത്തോടെ അപ്‌ലോഡ് ചെയ്തു,’ സമൂഹമാധ്യമത്തിലെ ഒരു ഉപയോക്താവ് വിമർശിച്ചു. പിന്നീട് ഇയാൾ ബാങ്ക് പുറത്താക്കിയ വിവരവും ഈ ഉപയോക്താവ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ഫുഡ് ബാങ്കുകൾ ആവശ്യമുള്ളവർക്കുള്ള സഹായമാണെന്നും ഇത് ദുരുപയോഗം ചെയ്യരുതെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമത്തിൽ പൊതുവെ ഉയർന്നത്. എങ്കിലും ചിലർ പ്രജാപതിയെ ജോലിയിൽ നിന്ന് പുറത്താക്കിയതിനെ വിമർശിച്ചു. ഫുഡ് ബാങ്കുകളുടെ ഉപയോഗം നിയന്ത്രിക്കണമോ എന്നും ഭക്ഷണം പാഴാക്കുന്നത് തടയാൻ സംവിധാനം വേണമോ എന്ന ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.