
സ്വന്തം ലേഖകൻ: ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം. 2023 ജനുവരി മുതല്‍ ഇത് പ്രബല്യത്തില്‍ വരും.
പുതിയ നയപ്രകാരം 2023 ജനുവരി മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള ജോലിക്കാരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും കാനഡയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി ഷീന്‍ ഫ്രേസര്‍ അറിയിച്ചു. തൊഴില്‍ ദാതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്നും ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് മാത്രമായിരുന്നു നേരത്തെ തൊഴില്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്.
പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് ജോലി കണ്ടെത്താന്‍ സാധിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കടക്കം നിരവധി വിദേശികള്‍ക്ക് ഇതോടെ ജോലി ലഭിക്കും. രണ്ടുവര്‍ഷത്തേക്കായിരിക്കും താത്കാലികമായി അനുമതി നല്‍കുക. വിജയകരമായ നടത്തിപ്പിനായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക. കാനഡയില്‍ വിദേശികള്‍ക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല