സ്വന്തം ലേഖകൻ: കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ ഓഫീസുകൾക്ക് കാനഡ സുരക്ഷ വർധിപ്പിച്ചു. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും.
ഒട്ടാവ, വാൻകൂവർ, ടൊറൻറ്റോ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുമ്പിലായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയാണെന്ന മുദ്രാവാക്യം വിളിച്ചു. ഇന്ത്യയുടെ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരിപ്പെറിയുകയും ചെയ്തു. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വർധിപ്പിച്ചു. നയതന്ത്രബന്ധം മോശമായതിനു പിന്നാലെ ഇന്ത്യയിലുള്ള പൗരന്മാർക്കു കാനഡ പുതിയ ജാഗ്രതാ നിർദേശം നൽകി. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം.
അതേ സമയം, ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സംസാരിക്കും. കാനഡ- ഇന്ത്യ പ്രശ്‌നത്തിലെ ഇന്ത്യൻ നിലപാട് മന്ത്രി വ്യക്തമാക്കിയേക്കും. കാനഡയെ അനുകൂലിച്ചും ഇന്ത്യക്കെതിരെയും രംഗത്തുവന്ന അമേരിക്കയുടെ നിലപാടിനെ ജയശങ്കർ വിമർശിക്കുമോ എന്നുകൂടി ലോകം കാത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല