സ്വന്തം ലേഖകന്‍: കാനഡയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഇനി നിയമവിധേയം; പുതിയ നിയമം പാസാക്കി കനേഡിയന്‍ പാര്‍ലമെന്റ്. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കാനബിസ് ആക്റ്റ് പാസായത്. ഇതോടെ കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതും നിയമത്തിന്റെ അംഗീകാരത്തോടെയാകും.
സെപ്റ്റംബര്‍ മുതലാണ് നിയമം പ്രബാല്യത്തിലാകുന്നത്. നിയമാനുസൃതമായി കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്കുന്ന ആദ്യ ജി7 രാജ്യമാണ് കാനഡ. ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ 2001 ല്‍ തന്നെ കാനഡ അനുവാദം നല്‍കിയിരുന്നു. ഉറുഗ്വേയാണ് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയമപരമായ അംഗീകാരം നല്കിയ ആദ്യത്തെ രാജ്യം. 2013 ലാണ് ഇത് സംബന്ധിച്ച നിയമം ഉറുഗ്വേയില്‍ പ്രാബല്യത്തില്‍ വന്നത്.
”ഇത്രയും നാള് ജനങ്ങള്‍ക്ക് അനായാസം കഞ്ചാവ് ലഭിക്കുകയും കുറ്റവാളികള്‍ ലാഭം കൊയ്യുകയുമായിരുന്നു. ഇന്ന് നമ്മള് അത് മാറ്റുകയാണ്,’ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. കഞ്ചാവ് വിപണിയിത്തുന്നതിന് തയ്യാറെടുക്കാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങള്‍ക്ക് എട്ട് മുതല്‍ 12 ആഴ്ച വരെ സമയവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ മാസത്തോടെ അംഗീകൃത നിര്‍മാതാക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും ലഭ്യമാക്കും. ഇതിന് പുറമെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും കഞ്ചാവ് ലഭിക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശം സൂക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല