
സ്വന്തം ലേഖകൻ: കാനഡ, മെക്സിക്കോ അതിർത്തിയിലെ യാത്രാ നിയന്ത്രണം ഏപ്രിൽ 21 വരെ നീട്ടിയതായി യുഎസ്. എന്നാൽ അവശ്യ സർവീസുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണു ബൈഡൻ ഭരണകൂടം യാത്രാ നിയന്ത്രണം നീട്ടി ഉത്തരവിടുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു രാജ്യങ്ങളും ചർച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു. കനേഡിയൻ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റർ ട്വിറ്റർ സന്ദേശത്തിലൂടെ നിയന്ത്രണം നീട്ടിയത് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 26ന് യുഎസിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപു മൂന്നു ദിവസത്തിനുള്ളിൽ പരിശോധിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ബോർഡിങ്ങിനു മുൻപു വിമാനത്താവള അധികൃതരെ കാണിച്ചിരിക്കണമെന്ന ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.
കാനഡ അതിർത്തിയിൽ യുഎസ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു സ്വന്തമായി വ്യാപാരങ്ങളും ഭൂമിയും ഉള്ളതു സന്ദർശിക്കുന്നതിന് ഈ യാത്രാ നിരോധനം തടസ്സമാകുമെന്ന് പരാതി ഉയർന്നിട്ടുണ്ട്. വിലക്ക് നിലവിൽ വരുന്നതോടെ മെക്സിക്കോയിൽ നിന്നും ആയിരക്കണക്കിന് അഭയാർഥികൾ അതിർത്തി കടന്നു അമേരിക്കയിലെത്തുന്നതു തടയാനാകുമെന്നാണു ബൈഡൻ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല