സ്വന്തം ലേഖകൻ: കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറിൽ ബാങ്കോക്കിൽ ചേർന്ന ഏഷ്യ–പസിഫിക് ഇക്കോണമിക് കോ ഓപ്പറേഷൻ ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം.
ഇതനുസരിച്ച് ഇരുരാജ്യങ്ങളിലും നയതന്ത്ര കാര്യാലയം തുറക്കാനും തീരുമാനിച്ചു. സൗദിയിലെ കനേഡിയൻ സ്ഥാനപതിയായി ജീൻ ഫിലിപ്പി ലിന്റോയെ നിയമിച്ചു. സൗദി ജയിലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന കാനഡയുടെ അഭ്യർഥന നിരസിച്ചത് കാനഡയെ ചൊടിപ്പിച്ചിരുന്നു.
സൗദി വനിതാ മനുഷ്യവകാശ പ്രവർത്തകരായ സമർ ബാദാവി, നസീമ അൽ സാദാ എന്നിവരെ അറസ്റ്റ് ചെയ്താണ് കാനഡ പ്രതിഷേധം അറിയിച്ചത്. ഇതേത്തുടർന്ന് 2018ൽ സൗദിയിലെ കാനഡ സ്ഥാനപതിയോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ ബന്ധം വഷളാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല