
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ് അധികാരമൊഴിയുമെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിലെ ട്രംപ് അനുയായികളുടെ തേർവാഴ്ച വൻ രോഷത്തിനു ഇടയാക്കിയ സാഹചര്യത്തിലാണു ഡമോക്രാറ്റുകളുടെ നീക്കം. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നാണ് ആരോപണം.
അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും 2020 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റിൽ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ. കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടൽ.
അതേസമയം, നീക്കം രാഷ്ട്രീയപ്രേരിതമെന്നും ഇതു രാജ്യത്തെ കൂടുതൽ വിഭജിക്കുന്നതിലേക്കു നയിക്കുമെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. യുഎസ് പാർലമെന്റിന്റെ ഇരുസഭകളും ചേർന്ന് പ്രസിഡന്റിനെ വിചാരണ ചെയ്യുന്ന നടപടിയാണു ഇംപീച്ച്മെന്റ്. മുൻപ് ഒരു യുഎസ് പ്രസിഡന്റും രണ്ടു വട്ടം ഈ നടപടിക്കു വിധേയമായിട്ടില്ല.
കക്ഷിനില വച്ചു പ്രമേയം സെനറ്റിൽ പരാജയപ്പെടാനാണു സാധ്യത. തിങ്കളാഴ്ച സഭയിൽ പ്രമേയം അവതരിപ്പിച്ചാലും സെനറ്റിന്റെ പരിഗണനയ്ക്കു വരുമ്പോഴേക്കും 19 –ാം തീയതിയെങ്കിലുമാകും. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്നാണിത്. സ്വാഭാവികമായും വിചാരണ നടക്കുക അധികാരമൊഴിഞ്ഞ ശേഷമായിരിക്കും. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തർക്കമുണ്ട്.
കുറ്റവിചാരണ വിജയിച്ചാൽ മുൻ പ്രസിഡന്റുമാർക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും.
അതിനിടെ ജനുവരി ആറിന് വാഷിങ്ടൻ ഡിസിയിലെ കാപ്പിറ്റോളിൽ അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാഷിങ്ടൻ ഫിൽഡ് ഓഫീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ച് രംഗത്തെത്തി. പത്തു പേരുടെ ചിത്രങ്ങൾ പുറത്തുവിട്ട എഫ്ബിഐ ഇവരെ കണ്ടെത്തുന്നതിനും, വിവരങ്ങൾ നൽകുന്നതിനും ജനങ്ങൾ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു.
ക്യാപ്പിറ്റോൾ ഹിൽ കലാപത്തിലെ പ്രധാനിയായ വംശീയവാദി നേതാവ് ജേക്ക് ഏൻജലി പിടിയിലായതായി റിപ്പോർട്ടുണ്ട്. സ്പീക്കറുടെ പ്രസംഗ പീഠം എടുത്തുമാറ്റിയ അക്രമിയും അറസ്റ്റിലായതായാണ് വിവരം. കൊമ്പുള്ള തൊപ്പി തലയിൽ വെച്ച് നീണ്ട കുന്തവും അതിൽ അമേരിക്കൻ പതാകയുമേന്തി എത്തിയ ജേക്ക് ഏൻജലി ക്യാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയവരിൽ പ്രധാനിയാണ്.
ക്യുഅനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ മുഴുവൻ പേര് ജേക്കബ് ആൻറണി ചാൻസ്ലി എന്നാണ്. ഇയാൾ കസ്റ്റഡിയിലായെന്ന് ജസ്റ്റിസ് ഡിപാർട്മെൻറ് അറിയിച്ചു. നേരത്തെയും വിവിധ ട്രംപ് അനുകൂല പരിപാടികളിൽ ഇയാൾ പങ്കെടുത്തിരുന്നു.
നിയുക്ത പ്രസിഡൻറ് ജോ ബൈഡൻറെ വിജയം അംഗീകരിക്കാൻ ചേർന്ന ഇരുസഭകളുടെയും സംയുക്ത യോഗത്തിലേക്ക് ആയിരക്കണക്കിന് സായുധ അക്രമികൾ സുരക്ഷാ സംഘത്തെ മറികടന്ന് ഇരച്ചുകയറുകയായിരുന്നു. ക്യാപ്പിറ്റോൾ ഹിൽ കലാപത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കൻ മലയാളിക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കേസെടുത്തിരുന്നു. രണ്ട് അഭിഭാഷകരുടെ പരാതിയിലാണ് കേസ്.
ട്രംപ് തന്റെ എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ കഴിയുമോ എന്ന് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. നവംബറില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിരവധി സംഭാഷണങ്ങളിൽ, സ്വയം മാപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് തന്റെ സഹായികളോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയുന്നതനുസരിച്ച്, ഈ നീക്കത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള ആഗ്രഹം പ്രസിഡന്റിനുണ്ട്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നതായി പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല