1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും. കറുത്തവർഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ 2 തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാൻ ട്രംപ് തയാറായിരുന്നില്ല.

ക്യൂ അനോൻ ഷമാൻ എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകൾ കിരീടമാക്കി, കുന്തത്തിനു മുകളിൽ കുത്തിയ ദേശീയ പതാകയുമായി സെനറ്റ് ചേംബറിനു മുന്നിൽ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്ക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ജനപ്രതിനിധി സഭാ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസിയുടെ (80) ഓഫിസിലേക്കു കടന്നു കയറിയ റിച്ചാർഡ് ബിഗോ ബാർനറ്റ് എന്നയാളും ഈ സംഘത്തിലുള്ളതാണ്. ഇയാൾ പെലോസിയുടെ മേശമേൽ കാൽവച്ചിരിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെലോസിയുടെ ഓഫിസിലെ വലിയ കണ്ണാടിയും തകർത്തു. പേരെഴുതിയ ഫലകം ഇളക്കിമാറ്റി.

സഭയിൽ അരിസോന തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച ചർച്ച ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണു രോഷാകുലരായ ട്രംപ് അനുകൂലികൾ മന്ദിരത്തിനു മുന്നിലെത്തിയത്. 5 മണിക്കൂറിലേറെ നീണ്ട കാപ്പിറ്റോൾ കയ്യേറ്റത്തിന്റെ തുടക്കമായിരുന്നു അത്. ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവൽനിന്ന പൊലീസുകാർ പിന്തിരിഞ്ഞോടി.

അക്രമികൾ സഭാ ഹാളിലെത്തിയതോടെ സുരക്ഷ കാറ്റിൽപറന്നു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാർ ഓഫിസ് സാധനങ്ങൾ കേടുവരുത്തി. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. പലരും കയ്യിൽ കിട്ടിയതെല്ലാം പോക്കറ്റിലാക്കി.

പ്രതിഷേധക്കാരിൽ പലരും ആയുധധാരികളായിരുന്നു. ഇതിനിടെ കാപ്പിറ്റോൾ മന്ദിരം പൊലീസ് അടച്ചു. സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മാധ്യമപ്രവർത്തകരും സന്ദർശകരും അകത്തു കുടുങ്ങി. പൊലീസ് ഇതിനിടെ സൈന്യത്തിന്റെ സഹായം തേടി. സെനറ്റ് കെട്ടിടത്തിന്റെ പരിസരത്തുനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും മുളകു സ്പ്രേയും പ്രയോഗിച്ചു.

ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പാർലമെന്റ് വളപ്പിൽ നെഞ്ചിനു വെടിയേറ്റാണ് ട്രംപ് അനുയായിയായ സ്ത്രീ മരിച്ചത്. മറ്റു 3 പേർ മരിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. വൈകിട്ടു മൂന്നരയോടെയാണു സെനറ്റ് ഹാളിൽനിന്നു പ്രതിഷേധക്കാരെ തുരത്തിയത്. നാഷനൽ ഗാർഡ് അടക്കം മറ്റു സുരക്ഷാ ഏജൻസികളുടെ കൂടി സഹായത്തോടെ വൈകിട്ട് 5.40 നു കാപ്പിറ്റോൾ മന്ദിരം വീണ്ടും സുരക്ഷാവലയത്തിലാക്കി. രാത്രി എട്ടോടെ സഭാനടപടികൾ പുനരാരംഭിച്ചു.

യുദ്ധത്തിനിടെ 1814 ൽ കാപ്പിറ്റോൾ മന്ദിരം ബ്രിട്ടിഷ് പട്ടാളം ആക്രമിച്ചു തീയിട്ടതൊഴിച്ചാൽ കഴിഞ്ഞ 2 നൂറ്റാണ്ടിനിടെ ഒരിക്കൽപോലും യുഎസ് പാർലമെന്റിന്റെ സുരക്ഷാവലയം ഭേദിക്കപ്പെട്ടിട്ടില്ല. മുന്നിൽ പ്രതിഷേധങ്ങൾ പതിവാണെങ്കിലും ബാരിക്കേഡുകൾക്കു പുറത്ത് സമാധാനപരമായാണ് അതു നടക്കാറുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.