1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ നിന്ന് ചൈല്‍ഡ് കെയര്‍ വര്‍ക്കര്‍മാര്‍ കൂട്ടത്തോടെ മേഖല വിട്ട് പോകുന്നത് ചൈല്‍ഡ് കെയര്‍ സൗകര്യങ്ങളുടെ കടുത്ത അപര്യാപ്തതക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍മാര്‍. 2019മായി താരതമ്യപ്പെടുത്തുമ്പോള്‍ 2022ല്‍ 9800 ചൈല്‍ഡ് കെയര്‍ വര്‍ക്കര്‍മാരുടെ കുറവുണ്ടായെന്നും ഇവരുടെ എണ്ണത്തില്‍ അഞ്ചിലൊന്ന് കുറവുണ്ടായെന്നുമാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

തങ്ങള്‍ക്ക് ജോലിഭാരത്തിനനുസരിച്ച പ്രതിഫലവും അംഗീകാരവും ലഭിക്കാത്തതിനാലാണ് ഈ മേഖല വിട്ട് പോകുന്നതെന്നാണ് ഇവരില്‍ ചിലര്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ചൈല്‍ഡ് കെയര്‍ പ്ലേസുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം രണ്ട് ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. എന്നാല്‍ പ്രീ സ്‌കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ജോലി ചെയ്യുന്ന മാതാപിതാക്കന്‍മാരുടെ മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ചെലവില്‍ ടേം ടൈമില്‍ 30 മണിക്കൂര്‍ ചൈല്‍ഡ് കെയറിന് അര്‍ഹതയുണ്ട്.

2025 സെപ്റ്റംബര്‍ മുതല്‍ ഈ ആനുകൂല്യം ഒമ്പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ ലഭ്യമാക്കാനൊരുങ്ങുകയുമാണ്. എന്നാല്‍ ചൈല്‍ഡ് കെയര്‍ മേഖലയില്‍ വര്‍ക്കര്‍മാരുടെ ക്ഷാമം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന ആശങ്കയുണ്ട്. 2022 മാര്‍ച്ചിനും 2023നുമിടയില്‍ ഇംഗ്ലണ്ടിലെ രജിസ്‌ട്രേഡ് ചൈല്‍ഡ് മൈന്‍ഡര്‍മാരില്‍ 11 ശതമാനത്തിന്റെ അഥവാ 3500 പേരുടെ കുറവാണ് വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 20,000ത്തിലധികം ചൈല്‍ഡ് കെയര്‍ പ്ലേസുകളാണ് അടച്ച് പൂട്ടേണ്ടി വന്നിരിക്കുന്നത്. ഓഫ്‌സ്റ്റെഡാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ക്ക് പുറമെ സ്‌കൂള്‍ ബേസ്ഡ് നഴ്‌സറികളിലും നഴ്‌സറികളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണവും കുത്തനെ ഇടിയുന്ന പ്രവണതയുമുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം 2019ലേക്കാള്‍ 2022ല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചിരിക്കുന്നത് പ്രൈവറ്റ് നഴ്‌സറികള്‍ക്ക് മാത്രമാണ്.ജീവനക്കാരില്ലാത്തതിനാല്‍ ചൈല്‍ഡ് കെയര്‍ പ്ലേസുകള്‍ അടച്ച് പൂട്ടുന്നത് വര്‍ധിക്കുന്നതിനാല്‍ കുട്ടികളെ നോക്കാന്‍ വേറെ വഴിയില്ലാതെ മാതാപിതാക്കളിലൊരാള്‍ ജോലി ഉപേക്ഷിച്ച് കുട്ടികളെ നോക്കാന്‍ നിര്‍ബന്ധിതമാകുന്ന സാമൂഹിക പ്രതിസന്ധിയും ഇതിനെ തുടര്‍ന്ന് വര്‍ധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.