1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2024

സ്വന്തം ലേഖകൻ: യുകെയുടെ പുതിയ വിവാദ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന. കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വീസ നിഷേധിച്ച് കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്നാണ് ആരോപണം. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് കെയര്‍ വര്‍ക്കര്‍ വീസ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍ വര്‍ക്കര്‍മാര്‍ തങ്ങളുടെ കുട്ടികളെ ഉള്‍പ്പെടെ ആശ്രിതരെ കൊണ്ടുവരുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഈ നയത്തിന് എതിരെ കുടിയേറ്റ ജോലിക്കാരെ പിന്തുണയ്ക്കുന്ന സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ മക്കളെയും, പങ്കാളികളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ കെയര്‍ വര്‍ക്കേഴ്‌സിന് കഴിയാത്ത പുതിയ ഗവണ്‍മെന്റ് നയം കുടുംബങ്ങളെ വേര്‍പിരിക്കുകയാണ് ചെയ്യുന്നതെന്ന് മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് ആരോപിക്കുന്നു.

കുടുംബത്തോടൊപ്പമുള്ള ജീവിതം വേണോ, യുകെയിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജോലി വേണോ എന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസമാണ് വിവാദ നയം നിലവില്‍ വന്നത്. അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്ക്‌ഫോഴ്‌സില്‍ 10 ശതമാനത്തോളം വേക്കന്‍സി റേറ്റ് ഉള്ളപ്പോഴാണ് ഈ നയം വരുന്നത്.

കെയര്‍ മേഖലയിലെ ചൂഷണം കൈവിട്ട് പോയതോടെയാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. അടുത്ത 11 വര്‍ഷത്തില്‍ യുകെയില്‍ 236,000 ഫുള്‍ടൈം കെയര്‍ വര്‍ക്കര്‍മാര്‍ വേണ്ടിവരുമെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കണക്കാക്കുന്നത്. ഇപ്പോള്‍ കെയര്‍ മേഖലയില്‍ 152,000 വേക്കന്‍സികള്‍ നിലവിലുണ്ട്.

കെയര്‍ ജോലിക്കാര്‍ കുടുംബത്തെ ഒപ്പം കൂട്ടേണ്ടെന്ന നയം ലിംഗം, വംശം എന്നിവയുടെ പേരിലുള്ള വിവേചനമാണെന്നതിന് പുറമെ പബ്ലിക് സെക്ടറിലെ ഇക്വാളിറ്റി ഡ്യൂട്ടിയുടെ ലംഘനമാണെന്നും മൈഗ്രന്റ് അറ്റ് വര്‍ക്ക് ചൂണ്ടിക്കാണിക്കുന്നു. യുകെയിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ മാത്രമല്ല, യുകെയില്‍ നിലവില്‍ എത്തിയ കെയറര്‍മാരെയും പുതിയ നിയമം ബാധിക്കുമെന്ന് സംഘടന പറയുന്നു.

അതേസമയം 2023 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 100,000 കെയര്‍ വര്‍ക്കര്‍മാര്‍ക്കൊപ്പം എത്തിയത് 120,000 ഡിപ്പന്‍ഡന്റ്‌സ് ആണെന്ന് ഗവണ്‍മെന്റ് വക്താവ് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് കെയര്‍ വര്‍ക്കര്‍ വീസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.