1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2023

സ്വന്തം ലേഖകൻ: കെയറര്‍ വീസയുടെ പേരില്‍ തട്ടിപ്പു വ്യാപകമാകുന്നതായി പരാതികള്‍ ഉയര്‍ന്നതോടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(സിഒഎസ്) വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുകെ സര്‍ക്കാര്‍. നേരത്തെ അനുവദിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അല്ലാതെ പുതിയതായി സിഒഎസ് അനുവദിക്കുന്നതിനാണ് നിയന്ത്രണം. പുതിയൊരു നിയമനം ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാണ് കേര്‍ ഹോം കമ്പനികള്‍ക്കും ഇപ്പോള്‍ സിഒഎസ് അനുവദിക്കുന്നത്. തട്ടിപ്പു നടത്തിയതായി ആരോപണം ഉയര്‍ന്ന പല കമ്പനികളുടെയും ലൈസന്‍സും ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

പുതിയതായി സിഒഎസ് അപേക്ഷിച്ച കമ്പനികള്‍ക്ക് അപേക്ഷ അവലോകനത്തിലാണ് എന്ന നിലയാണ് ഹോം ഓഫിസ് വെബ്സൈറ്റില്‍ കാണിക്കുന്നത്. അതേ സമയം നേരത്തെ അനുവദിച്ച സിഒഎസുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു തടസം ഉണ്ടായിട്ടില്ലെന്നും ഹോം മാനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതോടൊപ്പം സംശയം ഉയര്‍ന്നിട്ടുള്ള ഹോമുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധനകളും നടക്കുന്നുണ്ട്. സിഒഎസ് അനുവദിക്കുന്നതിന് അര്‍ഹതയുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന നടക്കുന്നത്.

ചില ഹോം മാനേജുമെന്‍റുകള്‍ക്ക് കഴിഞ്ഞ നിശ്ചിത വര്‍ഷങ്ങളില്‍ അനുവദിച്ച സിഒഎസുകളുടെയും എത്ര നിയമനങ്ങള്‍ നത്തി എന്നതിന്‍റെയും വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിഒഎസുകള്‍ ലഭിച്ചവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടോ, ഇല്ലയോ എന്നതു സംബന്ധിച്ച വിവരങ്ങളും ഹാജരാക്കണമെന്നാണ് നിര്‍ദേശം. സിഒഎസ് ലഭിച്ചവര്‍ക്ക് കരാര്‍ പ്രകാരമുള്ള ജോലി നല്‍കാന്‍ കമ്പനികള്‍ക്കു സാധിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന. കെയറര്‍ നിയമനത്തിന് നിയോഗിച്ച ഏജന്‍സികള്‍ക്കു പുറമേ ചില ഹോമുകള്‍ തന്നെ നേരിട്ടു വീസ വന്‍ വിലയ്ക്കു വിറ്റു പണം ഉണ്ടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കി സിഒഎസ് നല്‍കിയ ശേഷം യുകെയില്‍ എത്തുമ്പോള്‍ ജോലി ഇല്ലാതെ ഉദ്യോഗാര്‍ഥികള്‍ ദുരിതത്തിലായതായി പരാതി യുകെ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഏജന്‍സി 400ല്‍ ഏറെ ഉദ്യോഗാര്‍ഥികളെ യുകെയില്‍ എത്തിച്ച് പണം തട്ടിയതായി പരാതി ഉയര്‍ന്നത് വാര്‍ത്തയായിരുന്നു.

വീസ ലഭിച്ചു യുകെയില്‍ എത്തിയ യുവാവ് മാസങ്ങള്‍ വിശപ്പടക്കാന്‍ ആപ്പിള്‍ കഴിച്ച വാര്‍ത്തയും അധികൃതരുടെ ശ്രദ്ധയിലെത്തി. ഇത് പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കേരള കേന്ദ്ര സര്‍ക്കാരുകളുടെയും യുകെയിലെ ഹൈക്കമ്മിഷന്‍റെയും ശ്രദ്ധയില്‍ പെടുത്തിയതോടെ യുകെ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയായിരുന്നു. ഇതിനു പുറമേ ഉദ്യോഗാര്‍ഥികളും നിരവധിപ്പേര്‍ പരാതികളുമായി രംഗത്തെത്തിയതോടെ സിഒഎസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നു എന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.