1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2024

സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളം വഴി ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ലാസ അപ്‌സോ ഇനത്തില്‍പ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി ആദ്യമായി കൊച്ചിയില്‍നിന്ന് ദോഹ വഴി ദുബായിയിലേക്ക് പറന്നു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയില്‍നിന്ന് യാത്ര തിരിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിയില്‍ ബിസിനസ് നടത്തുകയാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് സിയാലിന് ‘പെറ്റ് എക്‌സ്പോര്‍ട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാല്‍ മാറി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷന്‍, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍മാര്‍, കസ്റ്റംസ് ക്ലിയറന്‍സ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവര്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ സിയാല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളില്‍ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.

എന്നാലിപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാര്‍ഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി പ്രത്യേകം ‘അനിമല്‍ ക്വാറന്റൈന്‍’ കേന്ദ്രം സ്ഥാപിച്ചു വരുകയാണ്.

സസ്യങ്ങളും ഫലങ്ങളും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈന്‍ സെന്റര്‍’ കാര്‍ഗോ വിഭാഗത്തിനു സമീപം പ്രവര്‍ത്തിച്ചു വരുന്നു. ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് കാര്‍ഗോ ഹാന്‍ഡ്ലിങ് ഏജന്‍സികളെയോ എയര്‍ലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്.

എല്ലാ യാത്രക്കാര്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ സമഗ്രമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാല്‍ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി പരമാവധി ഇടങ്ങളില്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. വളര്‍ത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ഫുള്‍ ബോഡി സ്‌കാനറുകള്‍ പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും സുഹാസ് പറഞ്ഞു.

ജീവന്‍രക്ഷാ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് സിയാലിന് ഈയിടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.