സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് ജര്‍മനിയില്‍ അറസ്റ്റില്‍; സ്‌പെയിനില്‍ വീണ്ടും കറ്റാലന്‍ പ്രശ്‌നം പുകയുന്നു. ഡെന്മാര്‍ക്കില്‍നിന്ന് ജര്‍മനിയിലേക്കു കടക്കവെയാണ് പുജെമോണ്ടിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനം മുതല്‍ ബ്രസല്‍സില്‍ കഴിയുകയാണ് ഇദ്ദേഹം. കാറ്റലോണിയയുടെ സ്വയംഭരണമാവശ്യപ്പെട്ട് രാജ്യത്തു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പുജെമോണ്ടുള്‍പ്പെടെ 13 പേര്‍ക്കെതിരെ സ്പാനിഷ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. രാജ്യദ്രോഹം, കലാപത്തിന് പ്രേരണനല്‍കല്‍, പൊതുഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇദ്ദേഹത്തിനെതിരായ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് സ്പാനിഷ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ അറസ്റ്റ് വാറന്റനുസരിച്ച് ഷോള്‍സ്‌വിഗ്‌ഹോള്‍സ്റ്റീന്‍ പ്രവിശ്യയില്‍വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ജര്‍മന്‍ അധികൃതര്‍ പറഞ്ഞു.
അറസ്റ്റിനുശേഷം പുജെമോണ്ടിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. കാറ്റലന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചു മടങ്ങവെയാണ് ഇദ്ദേഹം അറസ്റ്റിലായത്. ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന പുജെമോണ്ടിനെ അറസ്റ്റ് ചെയ്യണമെന്നഭ്യര്‍ഥിച്ച് സ്‌പെയിന്‍ കത്തയച്ചിരുന്നു. എന്നാല്‍, കത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ സമയമെടുത്തതിനിടെ അദ്ദേഹം ഫിന്‍ലന്‍ഡ് വിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല