1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2017

സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ ഹിതപരിശോധനക്കിടെ പോലീസ് അതിക്രമം, സ്വരം മയപ്പെടുത്തി ക്ഷമാപണവുമായി സ്‌പെയില്‍, സ്വാതന്ത്ര്യ പ്രമേയ അവതരണം തത്ക്കാലത്തേക്ക് മാറ്റിവക്കുന്നതായി കറ്റാലന്‍ നേതാക്കള്‍. കാറ്റലോണിയ പ്രവിശ്യയും സ്‌പെയിനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നേരിയ അയവ് വരുത്തിക്കൊണ്ട് ഹിതപരിശോധനയ്ക്കിടെ കാറ്റലോണിയയില്‍ സ്പാനിഷ് പോലീസ് നടത്തിയ അതിക്രമത്തിനു സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാപ്പു പറഞ്ഞു.

സ്‌പെയിന്‍ അനുനയത്തിന്റെ പാതയിലേക്ക് മാറിയതീടെ തിങ്കളാഴ്ച കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം കറ്റാലന്‍ നേതാക്കള്‍ തത്കാലത്തേക്കു മാറ്റിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പകരം ചൊവ്വാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്നു കറ്റാലന്‍ നേതാവ് കാര്‍ലസ് പറഞ്ഞു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത് സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു.

ഹിതപരിശോധനാ വേളയില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും റബര്‍ബുള്ളറ്റ് ഉപയോഗിച്ചു നടത്തിയ വെടിവയ്പിലും 900 പേര്‍ക്കു പരിക്കേറ്റെന്നു കറ്റാലന്‍ നേതാക്കള്‍ ആരോപിച്ചു. സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും സാധ്യമല്ലെന്ന് കാറ്റലോണിയയിലെ സ്പാനിഷ് പ്രതിനിധി എന്റിക് മില്ലോ ടിവി അഭിമുഖത്തില്‍ തുറന്നടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സ്‌പെയിന്‍ അനുനയത്തിന്റെ പാതയിലേക്ക് മാറിയത്.

ഇതിനിടെ ഹിതപരിശോധന നിരോധിച്ചുകൊണ്ടുള്ള കോടതിവിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനു കാറ്റലോണിയന്‍ പോലീസ് മേധാവിക്കു സ്പാനിഷ് കോടതി സമന്‍സ് അയച്ചു. ഇതനുസരിച്ച് പോലീസ് ചീഫ് ജോസഫ് ട്രാപെരോ മാഡ്രിഡിലെ കോടതിയില്‍ ഹാജരായി. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ കാറ്റലോണിയ സ്വതന്ത്ര രാജ്യമാകണമെന്ന് ഞായറാഴ്ച നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

സ്പാനിഷ് അധികാരത്തെ വെല്ലുവിളിച്ചു നടത്തിയ ഹിതപരിശോധന അംഗീകരിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി രഹോയ് വ്യക്തമാക്കി. സ്വാതന്ത്ര്യനീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു കറ്റാലന്‍ നേതാവ് കാര്‍ലസും പറഞ്ഞു. ചര്‍ച്ചയിലൂടെ കറ്റാലന്‍ പ്രതിസന്ധിക്കു പരിഹാരം കാണാനാണ് ആഗ്രഹമെന്നു രഹോയ് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചില്ലെങ്കില്‍ കറ്റാലന്‍ പ്രാദേശിക പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ അദ്ദേഹം തയാറായേക്കുമെന്നു സൂചനയുണ്ട്. യൂറോപ്യന്‍ യൂണിയനും ജര്‍മനിയും മറ്റും ഹിതപരിശോധന അംഗീകരിക്കില്ലെന്‍ന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.